| Thursday, 20th April 2023, 4:16 pm

'റൊണാള്‍ഡോയെ സൗദിയില്‍ നിന്ന് തന്നെ പുറത്താക്കണം' പരാതി കോടതിയില്‍; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി അല്‍ നസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ചിരവൈരികളായ അല്‍ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അല്‍ ഹിലാല്‍ അല്‍ നസറിനെ തകര്‍ത്തുവിട്ടത്.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഓഡിയന്‍ ഇഗാലോ പെനാല്‍ട്ടിയിലൂടെ നേടിയ ഇരട്ട ഗോളാണ് അല്‍ നസറിന്റെ വിധിയെഴുതിയത്.

ക്രിസ്റ്റിയാനോയെ സംബന്ധിച്ച് ഈ മത്സരം അത്ര മികച്ചതായിരുന്നില്ല. കൃത്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നതും ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്‌റ്റൈലില്‍ നടത്തിയ ഫൗളിന് മഞ്ഞക്കാര്‍ഡ് കിട്ടയിതുമടക്കം നിരവധി സംഭവങ്ങളായിരുന്നു മത്സരത്തില്‍ നടന്നത്.

എല്ലാത്തിലുമുപരി റൊണാള്‍ഡോയെ മാനസികമായി തളര്‍ത്താന്‍ തന്നെയായിരുന്നു ഹിലാല്‍ ആരാധകരും ശ്രമിച്ചത്. മത്സരത്തിലുടനീളം മെസിയുടെ പേര് ചാന്റ് ചെയ്തുകൊണ്ടായിരുന്നു അവര്‍ ക്രിസ്റ്റിയെ കടന്നാക്രമിച്ചത്. ക്രിസ്റ്റിയാനോയെ മാനസികമായി തളര്‍ത്താനുള്ള അവരുടെ ശ്രമം വിജയിക്കുകയും ചെയ്തിരുന്നു.

മത്സരശേഷം നിരാശനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ ഹിലാല്‍ ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ആരാധകര്‍ക്ക് മുമ്പില്‍ ജെനിറ്റല്‍ ഏരിയയില്‍ പിടിച്ചുകൊണ്ടായിരുന്നു റൊണാള്‍ഡോ തന്റെ നിരാശയും ദേഷ്യവും പ്രകടമാക്കിയത്.

എന്നാല്‍ റൊണാള്‍ഡോ പ്രതീക്ഷിച്ചതിനേക്കാളേറെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. സംഭവം വിവാദമാവുകയും റൊണാള്‍ഡോക്കെതിരെ നിയമപരമായി പരാതി ഉയരുകയും ചെയ്തിട്ടുണ്ട്.

സൗദി അറേബ്യന്‍ നിയമം അനുസരിച്ച് ഇത് വളരെ വലിയ കുറ്റമാണെന്നും താരത്തെ രാജ്യത്ത് നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രമുഖ അഭിഭാഷകന്‍ പരാതി നല്‍കിയത്. വിഷയത്തില്‍ താരത്തിന് അന്വേഷണം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ റൊണാള്‍ഡോയുടെ ‘പരിക്കിന്റെ തോത്’ കുറയ്ക്കാനാണ് ടീം ശ്രമിക്കുന്നത്. താരത്തിന് മര്‍മ ഭാഗത്ത് പരിക്കേറ്റിരുന്നുവെന്നാണ് ക്ലബ്ബ് നല്‍കുന്ന വിശദീകരണം.

‘റൊണാള്‍ഡോക്ക് പരിക്കേറ്റിരുന്നു. അല്‍ ഹിലാല്‍ താരമായ ഗുസ്താവോ കുല്ലറുമായുള്ള ചലഞ്ച് അദ്ദേഹത്തിന്റെ സെന്‍സിറ്റീവ് ഏരിയയിലെ എല്‍ബോയിലൂടെയാണ് തുടങ്ങിയത്. ഇത് സ്ഥിരീകരിച്ച വിവരമാണ്. ആരാധകര്‍ക്ക് എന്തും ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്,’ അല്‍ നസര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Compliant Against Cristiano Ronaldo

We use cookies to give you the best possible experience. Learn more