| Monday, 27th May 2024, 8:28 am

ദളിത് ലൈബ്രറി കെട്ടിടം കയ്യേറി: ബി.ജെ.പി സംസ്ഥാന അംഗം സതീഷ് പാറന്നൂരിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള സാംബവര്‍ സൊസൈറ്റിക്ക് കോഴിക്കോട് കോര്‍പറേഷന്‍ നല്‍കിയ ലൈബ്രറി കെട്ടിടം ബി.ജെ.പി സംസ്ഥാന അംഗം സതീഷ് പാറന്നൂര്‍ കയ്യേറിയെന്ന് പരാതി. കെട്ടിടം കയ്യേറി ഓഫീസ് മുറിയാക്കി മാറ്റിയതിനാണ് സതീഷ് പാറന്നൂരിനെതിരെ പരാതിയുയര്‍ന്നിരിക്കുന്നത്. നേരത്തെ എക്‌സിബിഷന്‍ സംഘാടകരില്‍ നിന്ന് 25 ലക്ഷം രൂപ ഗുണ്ടാപിരിവ് നടത്തിയ കേസിലെ പ്രതിയാണ് സതീഷ് പാറന്നൂര്‍.

1986ലാണ് കോഴിക്കോട് കോര്‍പറേഷന്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിനായി കെട്ടിടം അനുവദിക്കുന്നത്. സാംബവ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് കോര്‍പോര്‍ഷന്‍ ഇങ്ങനെയൊരു കെട്ടിടം നിര്‍മിക്കുന്നത്.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ അതത് കാലത്തെ ജില്ലാസെക്രട്ടറിമാരുടെ പേരിലാണ് കരാര്‍ പുതുക്കുന്നത്. 2017 ല്‍ സതീഷായിരുന്നു സെക്രട്ടറി. എന്നാല്‍ നാലു ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 2019 ല്‍ സൊസൈറ്റി ഇയാളെ പുറത്താക്കുകയായിരുന്നു. പക്ഷെ കള്ള രേഖകള്‍ കാണിച്ച് ഇയാള്‍ സെക്രട്ടറി പദത്തില്‍ തുടരുകയായിരുന്നു.

ആരെയും കെട്ടിടത്തിലേക്ക് അടുപ്പിക്കാതെ ഓഫീസ് മുറിയെന്ന രീതിയിലേക്ക് ഇയാള്‍ കെട്ടിടം മാറ്റുകയായിരുന്നു. മുന്‍പ് കെട്ടിടം ഒഴിപ്പിക്കാന്‍ പോയ സൊസൈറ്റി ഭാരവാഹികളെ ഇയാള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പുതിയ ഭാരവാഹികള്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം കോര്‍പറേഷന്‍ 2023 ജനുവരി 10 മുതല്‍ പുതിയ സെക്രട്ടറി ഉണ്ണികൃഷ്ണന്റെ പേരില്‍ കരാര്‍ എഴുതി നല്‍കിയിട്ടും ഇയാള്‍ കെട്ടിടം ഒഴിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കോര്‍പറേഷന്‍ തന്നെ ലൈസെന്‍സി പദവിയില്‍ നിന്നുമൊഴിവാക്കി എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ് സതീഷ് പാറന്നൂര്‍.

നേരത്തെ പട്ടിക ജാതി,വര്‍ഗ സംരക്ഷണ സമിതിയുടെ ഭാരവാഹിയായിരുന്നു സതീഷ് പാറന്നൂര്‍. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രെസിഡന്റായതോടെയാണ് സതീഷ് പാറന്നൂര്‍ ബി.ജെപി സംസ്ഥാന കമ്മിറ്റി അംഗമായത്.

Content Highlight: compliant against B.J.P state member satheesh paranoor

We use cookies to give you the best possible experience. Learn more