ഒരു പിടിയും തരാത്ത താര; രാജുവിന്റെ പ്രണയം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍
Film News
ഒരു പിടിയും തരാത്ത താര; രാജുവിന്റെ പ്രണയം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st October 2023, 11:59 am

പ്രണയം, പക, പ്രതികാരം, കുടുംബം എന്നിങ്ങനെ മാസ് പടത്തിന് വേണ്ട ചേരുവകളെല്ലാം ചേര്‍ത്ത് നിര്‍മിച്ച ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും കഥാപാത്രങ്ങള്‍ തമ്മിലുള്ള കോണ്‍ഫ്ളിക്റ്റിനും സങ്കീര്‍ണമായ കഥാഗതിക്കുമുള്ള സാധ്യതകള്‍ തുറന്നിട്ടിരുന്നു. അതൊന്നും വേണ്ടവിധം ഉപയോഗിക്കാന്‍ ചിത്രത്തിനായില്ല. അമിത പ്രതീക്ഷ നല്‍കിയതിന് ശേഷം അതിനൊത്ത് ഉയരാനാവാഞ്ഞതാണ് കൊത്തക്കെതിരായ വിമര്‍ശനം കടുക്കാന്‍ കാരണം.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ ചിത്രം വീണ്ടും ചര്‍ച്ചകളിലേക്കുയരുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നായകനായ രാജുവും നായികയായ താരയും തമ്മിലുള്ള ബന്ധം.

സാധാരണ മാസ് ചിത്രങ്ങളിലെ പ്രണയം പോലെ ഒരു കലിപ്പന്‍- കാന്താരി ടൈപ്പോ, നായകന്റെ അടി കണ്ട് ആരാധന മൂത്ത് പ്രണയിക്കുന്നവളോ അല്ല കൊത്തയിലെ നായിക. ഈ ചിത്രത്തില്‍ അതിനൊരു പ്രാക്ടിക്കാലിറ്റി കൊടുത്തിട്ടുണ്ട്. ആ ബന്ധത്തിന് വ്യത്യസ്തത കൊടുക്കുന്ന ഒരു ഘടകം ഫസ്റ്റ് ഹാഫിലുണ്ട്.

ലൈബ്രറിയിലെ റൊമാന്‍സ് രംഗങ്ങള്‍ മികച്ചതായിരുന്നു. ടോക്സിക് കാമുകനായി ഈ രംഗം ദുല്‍ഖര്‍ അനായാസം ചെയ്തിട്ടുണ്ട്. റൊമാന്റിക് കഥാപാത്രങ്ങളില്‍ ഇനിയും ദുല്‍ഖറിന് പരീക്ഷണങ്ങള്‍ക്കുള്ള സാധ്യത ഈ രംഗങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്.

രാജുവിനെ പ്രണയിക്കുന്നതിന് നായിക പറയുന്ന കാരണം ഒരു ഇന്ററസ്റ്റിങ് ടേണിങ് പോയിന്റായിരുന്നു. എന്നാല്‍ ആ സാധ്യത പിന്നെ വേണ്ടവിധം ഉപയോഗിക്കപ്പെട്ടിട്ടില്ല. രാജുവിനോടുള്ള താരയുടെ ഇഷ്ടം സ്നേഹത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ വരുന്നതല്ല. അത് പേടിയില്‍ നിന്നുണ്ടാവുന്ന അഭിനയമാണ്. അങ്ങനെയുള്ള ഒരാള്‍ ‘നീ തീര്‍ന്നെടാ’ എന്ന് ഉപദ്രവിക്കുന്ന ആളോട് എന്ത് വികാരത്തിന്റെ മുകളിലാണ് പറയുന്നതെന്ന് മനസിലാവുന്നില്ല. അതോ ആക്ഷന്‍ സിനിമയിലെ ഹീറോയുടെ മാസ് ഇന്‍ട്രൊഡക്ഷന് വേണ്ടി ഉണ്ടാക്കിയ സീനായിരുന്നോ ഇത്?

സെക്കന്റ് ഹാഫില്‍ താരക്കുണ്ടാകുന്ന മാറ്റവും ഒട്ടും കണ്‍വിന്‍സിങ്ങല്ല. പിരിയുന്ന സമയത്ത് അങ്ങേയറ്റം പവര്‍ പൊസിഷനില്‍ നില്‍ക്കുന്ന ക്രിമിനലായ നായകന്‍ ദുര്‍ബലയും നിസഹായയുമായ സ്ത്രീയെ തെറി വിളിച്ച് അനാവശ്യം പറഞ്ഞ് പോവുമ്പോള്‍, തിരിച്ച് പറയാനുള്ള ശേഷിയോ ധൈര്യമോ ഇല്ലെങ്കിലും, ഒരു വലിയ പ്രശ്നം ഒഴിഞ്ഞുപോയല്ലോ എന്ന ആശ്വാസമാവും നായികക്ക് ഉണ്ടാവുക. ആ മഞ്ഞുരുകാനുള്ള പൊട്ടന്‍ഷ്യല്‍ പിന്നീട് രാജു ഒതുക്കിതീര്‍ത്ത കഞ്ചാവ് കേസിനുണ്ട് എന്ന് തോന്നുന്നില്ല.

നായകന്റെ പേഴ്സ്പെക്ടീവിലാണ് ഈ പ്ലോട്ട് കാണിക്കുന്നത്. താരയുടെ ഭാഗം ക്ലിയര്‍ ചെയ്യാനുള്ള രംഗങ്ങളില്ല. സെക്കന്റ് ഹാഫില്‍ കൊത്ത രവി പറയുന്ന രണ്ട് ഡയലോഗില്‍ നിസാരമായി തീര്‍ക്കാന്‍ പറ്റുന്ന ഒരു ഒരു ബ്രേക്കപ്പ് അല്ല അത്, പ്രേക്ഷകര്‍ക്ക് കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട്.

ഒരു പിടിയും തരാത്തതാണ് താര എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ആര്‍ക്ക്. താരയായുള്ള ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനത്തിലേക്ക് വന്നാല്‍ ചിലയിടങ്ങളില്‍ ഭേദപ്പെട്ട പ്രകടനവും ചിലയിടങ്ങളില്‍ കഷ്ടപ്പെടുന്നതായും കാണാം.

മാസിനും ആക്ഷനും പകരം ഇമോഷന്‍സിലേക്കും കഥാപാത്രങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളിലേക്കും കടന്നിരുന്നെങ്കില്‍ സിനിമ ഇനിയും എത്രയോ നന്നാവുമായിരുന്നു. നിരവധി സാധ്യതകളുള്ള പ്ലോട്ടുകള്‍ തുറന്നിട്ട് ഒടുവില്‍ ഒന്നും ഉപയോഗിച്ചില്ലല്ലോ എന്ന നിരാശയാണ് പ്രേക്ഷകന് ഉണ്ടാവുക.

Content Highlight: Complex love track in King of Kotha