അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തും, ഇത്രയും വലിയ പരാജയം നേരിടാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല, കണക്കുകള്‍ പരിശോധിക്കാതെ എവിടെയാണ് പിഴച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 25 വര്‍ഷമായി അധികാരത്തിലിരുന്ന മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെയാണ് ബി.ജെ.പി- ഐ.പി.എഫ്.ടി സഖ്യം പരാജയപ്പെടുത്തിത്. 60 സീറ്റുകളില്‍ 43 എണ്ണവും തൂത്തുവാരിയാണ് ബി.ജെ.പി ആദ്യമായി ഭരണം നേടിയത്.
പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്ന് മണിക് സര്‍ക്കാര്‍ നരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കും”, ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പിയ്ക്ക് തലവേദനയായി ത്രിപുരയിലെ സഖ്യകക്ഷിയായ ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) രംഗത്തെത്തി. ബി.ജെ.പിയ്ക്ക് ഗോത്രവോട്ടുകള്‍ നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമായിരുന്ന ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) തങ്ങളുടെ ആവശ്യങ്ങള്‍ ശക്തമാക്കി മുന്നോട്ട് വന്നതാണ് ബി.ജെ.പിയ്ക്ക് തിരിച്ചടിയായത്.
ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംസ്ഥാനമെന്ന ആവശ്യമാണ് ഐ.പി.എഫ്.ടി മുന്നോട്ട് വച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രത്യേക വിഷയമാണെന്നും എന്നാല്‍ പ്രത്യേക സംസ്ഥാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും പാര്‍ട്ടി പ്രസിഡന്റ് എന്‍.സി.ദേബ്ബാര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.