ന്യൂദൽഹി: ജമ്മു കശ്മീരിലെ ഗുൽമർഗിലുണ്ടായ ഭീകരാക്രമണത്തിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സൈനികരുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
സൈനികരുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ ഉത്തരവാദിത്തം ഉടൻ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സൈനിക പോർട്ടർമാരും കൊല്ലപ്പെടുകയും മറ്റൊരു ചുമട്ടുതൊഴിലാളിക്കും ഒരു സൈനികനും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിൻ്റെ പരാമർശം.
ഗുൽമർഗിലുണ്ടായ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടെന്നും ഇത് വളരെ ദുഃഖകരമാണെന്നും കൊല്ലപ്പെട്ടവർക്ക് അനുശോചനമറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
‘ജമ്മു കശ്മീരിലെ ഗുൽമർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നമ്മുടെ ധീര ജവാന്മാർ വീരമൃത്യു വരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ആക്രമണത്തിൽ ഞാൻ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു, മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു,’ രാഹുൽ ഗാന്ധി കുറിച്ചു.
എൻ.ഡി.എ സർക്കാരിൻ്റെ നയങ്ങൾ ജമ്മു കശ്മീരിൽ സുരക്ഷയും സമാധാനവും സ്ഥാപിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടെന്നും അവരുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനം അപകടത്തിൻ്റെ നിഴലിലാണ് എന്നതാണ് യാഥാർത്ഥ്യം എന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ തീവ്രവാദ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഉടനടി ഉത്തരവാദിത്തം ഏറ്റെടുക്കുകയും താഴ്വരയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുകയും സൈന്യത്തിൻ്റെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധിയും ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ഇത്തരം ഭീകരപ്രവർത്തനങ്ങളെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും പറഞ്ഞു.
Content Highlight: ‘Completely failed to establish security & peace in region’: Rahul Gandhi slams NDA govt over Gulmarg terror attack