| Friday, 13th October 2023, 8:13 pm

ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്ന് വി.ടി. ബൽറാം; വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭ ഇടപെട്ട് ഇസ്രഈൽ – ഫലസ്തീൻ അതിർത്തികൾ കൃത്യമായി നിശ്ചയിക്കണമെന്നും കോൺഗ്രസ്‌ നേതാവ് വി.ടി. ബൽറാം.

ഇരുരാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശം മുഴക്കുന്ന രക്തദാഹികളെ തിരിച്ചറിയണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം പറഞ്ഞു.

‘ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കുക.
ഐക്യരാഷ്ട്ര സഭ ഇടപെട്ട് ഇസ്രഈൽ-ഫലസ്തീൻ അതിർത്തികൾ കൃത്യമായി നിശ്ചയിക്കുക. ആ അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക.

ഭാവിയിൽ കൂടുതൽ അധിനിവേശങ്ങൾ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങൾ ചേർന്ന് ഉറപ്പിക്കുക. നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളിൽ വാർന്നൊഴുകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശങ്ങൾ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുക,’ ബൽറാം പറഞ്ഞു.

ഒക്ടോബർ 10ന് പോസ്റ്റ്‌ ചെയ്ത കുറിപ്പ് ഇപ്പോൾ ചർച്ചാ വിഷയമാകുകയാണ്. വർഷങ്ങളായി ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രഈലിനെ നിരായുധീകരിക്കേണ്ടേ എന്നാണ് പലരും കമന്റിൽ ബൽറാമിനോട് ചോദിക്കുന്നത്.

ഫലസ്തീനികൾ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും നിരപരാധികളാണെന്ന സി.പി.ഐ.എം നേതാവ് എം. സ്വരാജിന്റെ പ്രസ്താവനയും ബൽറാമിന്റെ പോസ്റ്റിനൊപ്പം ചേർത്തുവായിക്കപ്പെടുന്നുണ്ട്.

ഫലസ്തീൻ ജനതക്കൊപ്പം നിൽക്കണമെന്ന് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റിയിൽ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹമാസാണ് സംഘർഷത്തിന് തുടക്കമിട്ടതെന്ന് ചൂണ്ടിക്കാട്ടി എം.പിമാർ ചെന്നിത്തലയുടെ നിലപാടിനെ എതിർക്കുകയായിരുന്നു.

ഹമാസ് ഭീകര സംഘടനയാണെന്ന മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പോസ്റ്റിൽ ചർച്ചകൾ ഉണ്ടായപ്പോൾ തന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി കെ.കെ. ശൈലജ രംഗത്ത് വന്നിരുന്നു.

അതേസമയം ഫലസ്തീൻ വിഷയത്തിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിലോ പാർട്ടിയിലോ ആശയക്കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

Content Highlight: Completely disarm Hamas, says Congress leader V.T. Balram

We use cookies to give you the best possible experience. Learn more