പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഴിച്ചുപണിയുമായി ബി.ജെ.പി. താഴേത്തട്ടുമുതല്‍ ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സംവിധാനം വരുന്നു.
ബൂത്ത്, പഞ്ചായത്തുതലം മുതല്‍ സംസ്ഥാനതലം വരെ പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം മേല്‍ഘടകങ്ങള്‍ വിലയിരുത്തും. നേതാക്കള്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോയെന്നാണ് പ്രധാനമായും ശ്രദ്ധിക്കുക.
തുടര്‍ച്ചയായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കും. മൂന്നുതവണ തുടര്‍ച്ചയായി പങ്കെടുക്കാത്തവരെയാണ് ഒഴിവാക്കുക. സാമൂഹികമാധ്യമങ്ങളില്‍ നേതാക്കളുടെ ഇടപെടല്‍ നിരീക്ഷിക്കും.
വിവിധവിഷയങ്ങളില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് തടയാനാണ് ഇതെന്നാണ് വിലയിരുത്തല്‍.
സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന് ബി.ജെ.പി. സംസ്ഥാനത്ത് വിവിധതരത്തിലുള്ള അഴിച്ചുപണികള്‍ നടത്തുന്നുണ്ട്. നിയോജകമണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് രണ്ട് മണ്ഡലം കമ്മിറ്റികളാക്കുകയാണ്.
അടുത്തഘട്ടമായി പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. പഞ്ചായത്ത്, ബൂത്ത്, മണ്ഡലം നേതൃതലങ്ങളില്‍ സ്ത്രീപ്രാതിനിധ്യം കൂട്ടും. പിന്നോക്കസമുദായങ്ങളില്‍നിന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും കൂടുതല്‍പേരെ ഭാരവാഹികളാക്കാനും നിര്‍ദേശമുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: complete change in Kerala BJP