| Friday, 25th November 2022, 9:20 am

ഗുജറാത്തില്‍ വിദേശികളെ പ്രചാരണത്തിനിറക്കി ബി.ജെ.പി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദേശ പൗരന്‍മാരെ ഇറക്കിയ ബി.ജെ.പി നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പ്രചാരണത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖ്ലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

വിദേശികളെ രംഗത്തിറക്കിയ പ്രചാരണം 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വിസ നിയമത്തിന്റെയും ലംഘനമാണെന്നെന്ന് സാകേത് ഗോഖ്ലെ കത്തില്‍ പറഞ്ഞു.

വിദേശികള്‍ ബി.ജെ.പിക്കായി പ്രചരണം നടത്തുന്നതിന്റെ വീഡിയോ ബി.ജെ.പി ഗുജറാത്തിന്റെ ഔദ്യോഗിക
ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവന്നതോടെയാണ് വിവാദമായത്.

‘നിങ്ങള്‍ക്ക് മഹാനായ നേതാവുണ്ട്. നിങ്ങളുടെ നേതാവില്‍ വിശ്വസിക്കുക’ എന്ന വിദേശികളുടെ വാക്ക് അടിക്കുറിപ്പായി നല്‍കിക്കൊണ്ടാണ് വീഡിയോ ഗുജറാത്ത് ബി.ജെ.പി പ്രചരിപ്പിച്ചത്.

ബി.ജ.പി പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിന് സമാനമാണെന്നും തെരഞ്ഞടുപ്പിലെ വിദേശ ഇടപെടല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും സാകേത് ഗോഖ്ലെ കത്തില്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍.

27 വര്‍ഷമായി സംസ്ഥാനത്തെ ഭരണം കയ്യാളുന്ന ബി.ജെ.പിക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ ഒരു അനായാസ ജയം ഇപ്രാവശ്യമുണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളടക്കം നിരവധി മേഖലകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒപ്പം ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികളുമായി കടന്നുവന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുണ്ട്. കോണ്‍ഗ്രസും താരതമ്യേനെ മികച്ച ഇലക്ഷന്‍ പ്രചാരണമാണ് നടത്തുന്നത്.

CONTENT HIGHLIGHT: Complaint to the Election Commission against BJP’s action of sending foreign nationals to campaign for Gujarat assembly election

We use cookies to give you the best possible experience. Learn more