| Wednesday, 25th May 2022, 9:44 am

'അടുത്തഘട്ടം ബലി'; കലാപാഹ്വാനം നടത്തിയ പ്രതീഷ് വിശ്വനാഥിനെതിരെ ഡി.ജി.പിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കലാപാഹ്വാനം നടത്തിയതിന് തീവ്ര വിദ്വേഷ പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവുമായ പ്രതീഷ് വിശ്വനാഥിനെതിരേ ഡി.ജി.പിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജുമായ അനൂപ് വി.ആറാണ് പരാതി
നല്‍കിയത്.

ആയുധപ്രദര്‍ശനം അടക്കം നടത്തിയതിന് മുമ്പ് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്ന് അനൂപ് വി.ആര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെയാണ് പരാതി.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിന് മറുപടി എന്നോണമായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട പരാതിയില്‍ പെട്ടെന്ന് അറസ്റ്റുകളടക്കമുണ്ടായ സാഹചര്യത്തില്‍, പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് വിശ്വസിക്കുന്ന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീഷ് വിശ്വനാഥിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നും അനൂപ് വി.ആര്‍. പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ്, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രാവിലെ ഈരാറ്റുപേട്ടയിലെത്തിയ ആലപ്പുഴ സൗത്ത് പൊലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.

മുദ്രാവാക്യം മുഴക്കിയ സംഭവത്തിന് മറുപടി എന്നോളമായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്.

CONTENT HIGHLIGHTS:  Complaint to DGP against Pratheesh Vishwanath

Latest Stories

We use cookies to give you the best possible experience. Learn more