കൊച്ചി: മീഡിയവണ്‍ ക്യാമറ പേഴ്‌സണെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി. കൊച്ചി കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം പകര്‍ത്തുന്നതിനിടെയാണ് മീഡിയവണ്‍ കാമറാമാന്‍ അനില്‍ എം. ബഷീറിന് മര്‍ദനമേറ്റത്.
പൊലീസിനെ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു മര്‍ദനമെന്നാണ് ജീവനക്കാരന്റെ പരാതി.
കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ പന്ത്രണ്ട് മണിക്കൂര്‍ ഉപരോധസമരം നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മീഡിയവണ്‍ സംഘം. ഇതിനിടയില്‍ പൊലീസിന് നേരെ അസഭ്യ പറയുന്ന ദൃശ്യം പകത്തുന്നതിനിടെ ഒരാള്‍ ആക്രോശിച്ച് കൊണ്ട് കൈ പിടിച്ച് തിരിക്കുകയിരുന്നവെന്ന് അനില്‍ എം. ബഷീര്‍ പരാതി പറയുന്നു.
അതേസമയം, സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകന് നേരേയുണ്ടായ കടന്നാക്രമണത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നു ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ആര്‍. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെപ്പോലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതു ഭൂഷണമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.