കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പണം വകമാറ്റിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് പണം വകമാറ്റിയെന്ന് പ്രസിഡന്റ് ദിവാനന്ദ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചേളന്നൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് പ്രസ്തുത പരാതിയെന്ന് വൈസ് പ്രസിഡന്റ് അശ്വിന്‍ പറഞ്ഞതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കെ.എസ്.യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ പേരില്‍ പിരിവ് നടത്തി പണം വകമാറ്റിയെന്ന് ആരോപണമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനസ് എന്നിവര്‍ക്കെതിരെയാണ് പരാതി.
വിവാദം ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചലഞ്ചുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും പരാതിയില്‍ പറയുന്നു. മൂന്ന് നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് പരാതിക്ക് പിന്നിലെന്നും ആരോപണം സത്യമെന്ന് തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വൈസ് പ്രസിഡന്റ് അശ്വിന്‍ എടവലത്ത് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. സംഭവം വിവാദമായതോടെ പരാതി വ്യാജമെന്ന കുറിപ്പുമായി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തുകയും ചെയ്തു.
അതേസമയം 400ലധികം പേരുടെ മണത്തിന് കാരണമായ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്നാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018 മുതല്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകളുണ്ടാകുന്ന പ്രദേശത്താണ് ഈ ദുരന്തവും സംഭവിച്ചതെന്നും പ്രദേശത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിട്ടത്.
Content Highlight: Complaint that Youth Congress diverted money in the name of Mundakai-Churalmala relief