| Friday, 11th November 2022, 8:21 am

സി.പി.ഐ.എം ഭരണ സ്വാധീനമുപയോഗിച്ച് ആര്‍.എം.പി നേതാവിനെതിരെ കാപ്പ ചുമത്തി; മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എം.പി നേതാവിനെതിരെ കാപ്പ ചുമത്തി കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി. ആര്‍.എം.പി പേരാമ്പ്ര ഏരിയ ചെയര്‍മാന്‍ എം.കെ. മുരളീധരനെതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് വടകര ആര്‍.ഡി.ഒ കോടതിയില്‍ കാപ്പ ചുമത്തി റിപ്പോര്‍ട്ട് നല്‍കിയത്.

വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. സി.പി.ഐ.എം ഭരണ സ്വാധീനമുപയോഗിച്ച് നിരന്തരം കള്ളക്കേസ് എടുപ്പിച്ചതിന്റെ ഭാഗമായാണ് കാപ്പ ചുമത്തിയതെന്ന് മുരളീധരനും ഭാര്യ രജനിയും കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കാരണങ്ങളുണ്ടാക്കി മേപ്പയ്യൂര്‍ പൊലീസിനെക്കൊണ്ട് മൂന്ന് കേസുകളും വടകര പൊലീസിനെ കൊണ്ട് ഒരു കേസും സി.പി.ഐ.എം രജിസ്റ്റര്‍ ചെയ്യിപ്പിച്ചു എന്നാണ് മുരളീധരന്റെ പരാതി. എതിരെ നല്‍കുന്ന പരാതികളില്‍ കേസെടുക്കാറില്ലെന്നും മുരളീധരന്‍ പറയുന്നു.

മുമ്പ് സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്നു. ആര്‍.എം.പിയില്‍ ചേര്‍ന്ന കാലം മുതല്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ്. ശാരീരിക അക്രമങ്ങളുണ്ടായി. വീടിന് കല്ലെറിഞ്ഞു. കുട്ടികളുടെ പഠന കാലത്ത് വാടക വീടടക്കം എടുത്ത് മാറി താമസിക്കേണ്ടി വന്നു. 17 വര്‍ഷമായി ഇതെല്ലാം നേരിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

എം.കെ. മുരളീധരന്‍

2019-ല്‍ സി.പി.ഐ.എം നേതാക്കളുടെ നേതൃത്വത്തില്‍ വീട് അക്രമിച്ചെന്ന പരാതി നല്‍കിയപ്പോള്‍ പൊലീസ് ജാമ്യം ലഭിക്കുന്ന കേസാണെടുത്തത്. തിരിച്ചാക്രമിച്ചുവെന്ന പരാതിയില്‍ കള്ളക്കേസ് എടുക്കുകയും ചെയ്തു.

സഹോദരന്റെ വഴി പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചതിന്റെ പേരില്‍ സി.പി.ഐ.എം നേതാവായ പഞ്ചായത്തംഗത്തെ ആക്രമിച്ചുവെന്ന പരാതിയില്‍ കള്ളക്കേസെടുത്തു. മുയിപ്പോത്ത് റോഡ് നിര്‍മാണത്തിലെ അപാകതക്കെതിരെ ഫോണില്‍ വിളിച്ചുപരാതി പറഞ്ഞതിന്റെ പേരില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞുള്ള എന്‍ജിനീയറുടെ പരാതിയിലും കേസെടുത്തു.

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നാട്ടുകാരന്റെ പരാതിയിലും അടുത്തിടെ കേസെടുത്തു. വടകരയില്‍ നടത്തുന്ന സ്ഥാപനത്തിന് അടുത്ത് കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് പ്രതികരിച്ചതിന്റെ പേരില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരാതിയില്‍ വടകര പൊലീസും കേസെടുത്തിട്ടുണ്ട്. വടകര പൊലീസ് ആദ്യം കേസ് എടുക്കാതിരുന്നപ്പോള്‍ എസ്.പിക്ക് പരാതി നല്‍കി കേസെടുപ്പിക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

പുതിയ കേസുകളില്‍ ഇനിയും ഉള്‍പ്പെടുത്തി ജയിലിടക്കാനാണ് നീക്കം നടക്കുന്നത്. അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയത്. കാപ്പ കൊണ്ടൊന്നും തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT: Complaint that there is an attempt to trap the RMP leader in false cases by charging Kappa in Perambra

We use cookies to give you the best possible experience. Learn more