മലപ്പുറം: മഞ്ചേരിയില്‍ മകന്റെ മുന്നില്‍വെച്ച് യുവതിയെയും സഹോദരങ്ങളെയും പൊലീസ് മര്‍ദിച്ചെന്ന് പരാതി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അമൃത എന്‍. ജോസാണ് മകന്റെ മുന്നില്‍വെച്ച് മര്‍ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന വീഡിയോ സഹിതമാണ് ഇവര്‍ പരാതി നല്‍കിയത്. യുവതിയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോകുമ്പോള്‍ ‘ചേച്ചിയുടെ കൊച്ച്’ കരയുന്നുണ്ടെന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കാണാം.
മനുഷ്യാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെയാണ് പരാതി.
മഞ്ചേരി- നിലമ്പൂര്‍ റോഡിലാണ് സംഭവം. കാരണം ബോധിപ്പിക്കാതെ വാഹനം പരിശോധിക്കുകയും പരിശോധനയുടെ കാരണം ചോദിച്ചപ്പോള്‍ മോശമായി പെരുമാറുകയും ചെയ്തു, 10 വയസുകാരനായ കുട്ടി ഒപ്പമുണ്ടായിട്ടും പൊലീസ് അസഭ്യം പറഞ്ഞു, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരന്റെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി തുടങ്ങിയവയാണ് പരാതിയിലുള്ളത്.
പിന്നീട് തങ്ങളെ വേറെ ഒരുകൂട്ടം പൊലീസ് എത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു. മകനെ റോഡില്‍ നിര്‍ത്തിയാണ് തങ്ങളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും അമൃത പറഞ്ഞു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും വാഹനപരിശോധന തടസപ്പെടുത്തിയതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസിന്റെ വാദം.
Content Highlights: Complaint that the police beat up the woman and her siblings in front of her son in Mancheri