ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇന്ത്യ ടി.വി അവതാരകന്‍ അധിക്ഷേപിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് വക്താവ്. കോണ്‍ഗ്രസ് വക്താവ് രാഗിണി നായകാണ് പരാതിപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടി.വി പ്രൈംടൈം അവതാരകനുമായ രജത് ശര്‍മക്കെതിരെയാണ് പരാതി.
ചാനല്‍ ചര്‍ച്ചക്കിടെ രജത് ശര്‍മ അധിക്ഷേപ വാക്ക് ഉപയോഗിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യവും എന്‍.ഡി.എയും തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് സംഭവം. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ രാഗിണി നായക് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
पहला वीडियो ‘X’ पर मेरे संज्ञान में लाया गया !
इसमें @RajatSharmaLive On Air मुझे एक भद्दी गाली देते हुए दिख रहे हैं !
मैंने Factcheck किया !
चैनल से इसी वीडियो का Raw Footage निकाला (दूसरा वीडियो)
സംഭവത്തില്‍ തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ രാഗിണി പരാതി നല്‍കി. പരാതി നല്‍കാതിരിക്കാന്‍ രജത് ശര്‍മ ഭീഷണിപ്പെടുത്തിയതായും രാഗിണി ചൂണ്ടിക്കാട്ടുന്നു.
‘ബി.ജെ.പി നേതാവ് ചര്‍ച്ചയില്‍ ഇരിപ്പുണ്ടല്ലോ. അദ്ദേഹത്തോട് ചോദിച്ചു നോക്കണം 400 സീറ്റ് നേടുമെന്ന മുദ്രാവാക്യം എവിടെ പോയെന്ന്. എക്‌സിറ്റ് പോളുകളെല്ലാം തകിടം മറിഞ്ഞില്ലേ. എന്‍.ഡി.എ എന്ന് പറയാന്‍ സമ്മതമാണെങ്കില്‍ ഇന്ത്യാ എന്നും പറയാന്‍ തയ്യാറാവണം. ഇരട്ടത്താപ്പ് നിലപാടെടുക്കാന്‍ കഴിയില്ല,’ എന്നാണ് രാഗിണി ചര്‍ച്ചയില്‍ പറഞ്ഞത്.
പിന്നാലെ നിങ്ങളോട് തര്‍ക്കിക്കാന്‍ ആഗ്രഹമില്ല. താന്‍ പറഞ്ഞ വാക്കുകളെ തെറ്റായി വ്യാഖാനിക്കരുതെന്നും കോണ്‍ഗ്രസ് 90 സീറ്റ് നേടിയാല്‍ അതിനെ വിജയമായി കണക്കാക്കാമെന്ന് പറഞ്ഞിരുന്നതായും രജത് ശര്‍മ പ്രതികരിച്ചു. എന്നാല്‍ ഇതിനോട് ‘ഇല്ല, കോണ്‍ഗ്രസ് ഇങ്ങനെയൊരു നേട്ടത്തിലെത്തുന്നത് വലിയ കാര്യമല്ലെന്ന് അവതാരകന്‍ പറഞ്ഞതായി കേട്ടുവെന്ന് രാഗിണി മറുപടി നല്‍കി. തുടർന്ന് രാഗിണിക്ക് നേരെ രജത് ശർമ ശബ്ദം താഴ്ത്തി അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചെന്നാണ് പരാതി.
അതേസമയം രാഗിണിയുടെ പരാതി അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്നും ഇന്ത്യ ടി.വി ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പറഞ്ഞു. ആരോപണങ്ങളിലെ തുടര്‍നടപടികള്‍ക്കായി നിയമോപദേശം തേടുകയാണെന്നും ചാനല്‍ അറിയിച്ചു.
പരാതിയിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി. ‘രജത് ശർമ ഒരു പ്രശസ്ത മാധ്യമ പ്രവർത്തകനാണ്. അദ്ദേഹത്തിന് രാഷ്ട്രീയ ചായ്‌വുണ്ട്. എന്നാൽ കോൺഗ്രസിൻ്റെ ഒരു വനിതാ വക്താവിനെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ശക്തമായി അപലപിക്കേണ്ടതാണ്. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകന്റെ നിരുപാധികമായ ക്ഷമാപണം അടിയന്തിരമായി ആവശ്യമാണ്,’ എന്ന് ജയറാം രമേശ് എക്‌സിൽ കുറിച്ചു.
Content Highlight: Complaint that the India TV anchor insulted the Congress spokesperson during the channel discussion