വീട്ടിലിരുന്നും വോട്ടിങ്ങില്‍ തിരിമറി; ബോക്‌സില്‍ നിക്ഷേപിച്ച ബാലറ്റ് അനധികൃതമായി പുറത്തെടുത്തെന്ന് പരാതി
Kerala News
വീട്ടിലിരുന്നും വോട്ടിങ്ങില്‍ തിരിമറി; ബോക്‌സില്‍ നിക്ഷേപിച്ച ബാലറ്റ് അനധികൃതമായി പുറത്തെടുത്തെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th April 2024, 3:44 pm

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തില്‍ തിരിമറിയെന്ന് പരാതി. വോട്ട് ചെയ്തതതിന് ശേഷം ബോക്‌സില്‍ നിക്ഷേപിച്ച ബാലറ്റ് അനധികൃതമായി പുറത്തെടുത്തെന്നാണ് പരാതി. യു.ഡി.എഫ് നേതൃത്വമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീല്‍ ചെയ്യാതെ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു.

തുടര്‍ന്ന് അബദ്ധം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ബോക്‌സില്‍ നിന്ന് ബാലറ്റ് തിരികെയെടുത്തു. തിരികെയെടുത്ത ബാലറ്റ് പിന്നീട് കവറിലിട്ട് സീല്‍ ചെയ്ത് വീണ്ടും ബോക്‌സില്‍ നിക്ഷേപിച്ചു.

ബുധനാഴ്ച മുതലാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാരംഭിച്ചത്. ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സംവിധാനം ആരംഭിച്ചത്.

വോട്ട് ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കിയവരുടെ വീടുകളിലാണ് അധികാരപ്പെട്ട ഉദ്യോഗസ്ഥരെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നത്.

നിലവില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Complaint that the facility of voting at home implemented for the Lok Sabha elections has been tampered