| Sunday, 7th August 2022, 9:42 am

'ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിലെ ചിത്രം ദേശീയ പതാക കോഡിന്റെ ലംഘനം'; പ്രധാനമന്ത്രി ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി

സ്പോര്‍ട്സ് ഡെസ്‌ക്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയയിലെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാക കോഡിന് എതിരാണെന്ന് പരാതി. തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണനാണ് ഇതുസംബന്ധിച്ച് കേരള സൈബര്‍ സെല്ലിനും ഡി.ജി.പിക്കും പരാതി നല്‍കിയത്. പരാതി പരിഗണിച്ചതായി തനിക്ക് സന്ദേശം ലഭിച്ചെന്ന് ജയകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയുടെ ദേശീയ പതാക എന്നത് ദീര്‍ഘ ചതുരത്തിലുള്ള മൂന്ന് നിറങ്ങള്‍ ചേര്‍ന്നതാണ് എന്നാണ് ഭേദഗതി വരുത്തിയ പതാക കോഡില്‍ പറയുന്നത്.
എന്നാല്‍ വൃത്താകൃതിയില്‍ ഇന്ത്യയുടെ പതാക എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നത് പതാക കോഡിന് എതിരാണെന്നും ജയക്രൃഷ്ണന്‍ പറഞ്ഞു.

‘പൊതുജനങ്ങള്‍ക്ക് മാതൃക ആവേണ്ട ഭരണാധികാരികള്‍ തന്നെ ഇത്തരത്തില്‍ ദേശീയപതാകയെ അപമാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയാണ്. അതിനാല്‍ ദേശീയ പതാകയെ അപമാനിച്ചതിന് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു,’ ജയകൃഷ്ണന്‍ പരാതിയില്‍ പറയുന്നു.

ജയകൃഷ്ണന്‍

ബുധനാഴ്ച പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കുമെന്നും, തുടര്‍ന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വാതന്ത്ര്യം കിട്ടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ നേരത്തെ മോദി ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ ആഹ്വാനം ചെയ്തത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്ന് ദിവസം പതാക ഉയര്‍ത്താനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

പതാക കോഡില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതനുസരിച്ച് പൗരന്മാര്‍ക്ക് തങ്ങളുടെ വീടുകളില്‍ രാത്രിയും പകലും ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇതോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ടോള്‍ പ്ലാസകളിലും ക്യാമ്പയിന്‍ കാലയളവില്‍ ദേശീയ പതാക ഉയര്‍ത്താനും സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈല്‍ പിക്ചര്‍ ദേശീയ പതാകയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍

1) ദേശീയ പതാകയ്ക്ക് അതിന്റേതായിട്ടുള്ള ബഹുമാനവും ആദരവും നല്‍കേണ്ടതാണ്.
2) ദേശീയ പതാക മറ്റ് പതാകകളുടെ കൂടെ ഒരേസമയം ഒരേ ഉയരത്തില്‍ പറത്താന്‍ പാടില്ല.
3) കൈത്തറിയോ യന്ത്ര നിര്‍മിതമോ ആയ പതാക ഉപയോഗിക്കാവുന്നതാണ്. കോട്ടണ്‍, പോളിസ്റ്റര്‍, പട്ട്, കമ്പിളി, ഖാദി എന്നീ തുണിത്തരങ്ങളുമാകാം.
4) കേടുപാട് വന്നതോ അല്ലെങ്കില്‍ അഴുകിയതോ ആയ ദേശീയ പതാകകള്‍ ഉപയോഗിക്കാതിരിക്കുക.
5) ചതുരാകൃതിയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ വലുപ്പത്തില്‍ 3:2 (നീളം: വീതി) എന്ന അനുപാതത്തില്‍ ദേശീയ പതാക നിര്‍മിക്കാവുന്നതാണ്.
6) തിരശ്ച്ചീനമായി ഉയര്‍ത്തുന്ന പതാകയില്‍ മുകളില്‍ കുങ്കുമ നിറവും നടുക്ക് വെള്ളയും താഴെ പച്ചയും നിറം തന്നെ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
7) വീട്ടിലോ പുറത്തോ പതാക ഉയര്‍ത്തിയാല്‍ ആ പതാക രാത്രിയും പകലും പ്രദര്‍ശിപ്പിക്കാവുന്നതാണ്.

CONTENT HIGHLIGHTS:  Complaint that Prime Minister insulted the national flag

We use cookies to give you the best possible experience. Learn more