പരപ്പനങ്ങാടി പൊലീസ് മാധ്യമപ്രവര്‍ത്തകന്റെ പല്ലടിച്ച് കൊഴിച്ചതായി പരാതി
Kerala News
പരപ്പനങ്ങാടി പൊലീസ് മാധ്യമപ്രവര്‍ത്തകന്റെ പല്ലടിച്ച് കൊഴിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2024, 9:36 pm

മലപ്പുറം: മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ദീപക് നാരായണനെ പരപ്പനങ്ങാടി പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. ദീപകിനെ ജീപ്പിലിട്ട് പൊലീസ് മര്‍ദിക്കുകയും മുഖത്തടിച്ച് മുന്‍നിരയിലെ പല്ല് തെറിപ്പിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി നാലിന് പങ്കാളിയോടൊപ്പം വീട്ടിലേക്ക് പോവുന്ന വഴിയാണ് ദീപകിനെ പൊലീസ് മര്‍ദിച്ചത്.

പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ വെച്ചുള്ള പൊലീസിന്റെ ചില ഇടപടലുകള്‍ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത്. വൈകീട്ട് 6.30 ഓടെയാണ് സംഭവം നടക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ ദീപക് തിരൂരങ്ങാടി താലൂക്ക് ആശപത്രിയില്‍ ചികിത്സ തേടി. പിന്നാലെ എം.എല്‍.സിക്ക് വേണ്ടിയുള്ള പേഷ്യന്റ് ഡാറ്റകള്‍ ആശുപത്രി അധികൃതര്‍ക്ക് ദീപക് കൈമാറിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അഞ്ചോളം പൊലീസുകാരാണ് തന്നെ മര്‍ദിച്ചതെന്ന് ദീപക് പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യ ലഹരിയില്‍ ആയിരുന്നെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ദീപക് പരാതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസിന്റെ മര്‍ദനത്തില്‍ മുഖത്ത് വീക്കമുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും ദീപക് പറഞ്ഞു.

വിഷയത്തില്‍ വേണ്ടത്ര നിയമ നടപടികള്‍ എടുത്തില്ലെങ്കില്‍ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് ദീപക് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ദീപകിന്റെ പരാതിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പരപ്പനങ്ങാടി പൊലീസ് നിഷേധിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2002ലെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വ്യക്തി കൂടിയാണ് ദീപക് നാരായണന്‍.

Content Highlight: Complaint that Parappanangady police knocked out a journalist’s teeth