പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. ട്രാന്‍സ്മാനായ ആലപ്പുഴ സ്വദേശി നിലന്‍കൃഷ്ണയും ട്രാന്‍സ്‌വുമാണായ തിരുവനന്തപുരം സ്വദേശി അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്.
മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. ക്ഷേത്രാനുമതി കിട്ടാതായതോടെ വിവാഹം മണ്ഡപത്തില്‍വെച്ച് നടന്നു.
ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരാണ് അദ്വികയും നിലന്‍കൃഷ്ണയും. കമ്പനിയിലെ ഉടമയും ജീവനക്കാരുമാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്.
കാച്ചാം കുറിശ്ശി ക്ഷേത്രം വിവാഹ വേദിയായിവെച്ചാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. ക്ഷേത്രത്തിന്റെ അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകള്‍ മാറ്റി.
എന്നാല്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനാകില്ലെന്ന് രണ്ട് ദിവസം മുമ്പ് ക്ഷേത്ര ഭാരവാഹികള്‍ ഇവരെ അറിയിക്കുകയായിരുന്നു.
അദ്യമായിട്ടാണ് ട്രാന്‍സ് വിവാഹത്തിന് അപേക്ഷ ലഭിക്കുന്നതെന്നും ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് അനുമതി നല്‍കാതിരുന്നതെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം.
CONTENT HIGHLIGHT: Complaint that Palakkad Kollangode temple denied permission for transgender marriage