കോട്ടക്കല്‍: അംഗപരിമിതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആനുകൂല്യം വഴി ലഭിച്ച ഗൃഹനാഥന്റെ വാച്ച് റിപ്പയിറിങ് ഷോപ്പ് മുസ്‌ലിം ലീഗ് നേതാക്കള്‍ കൈലാക്കിയതായി പരാതി. ഉദ്ഘാടനത്തിനൊരുങ്ങുന്ന കോട്ടക്കല്‍ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സിലെ മുഹമ്മദ് കുട്ടിയുടെ കടമുറിയാണ് ലീഗ് നേതാക്കള്‍ കൈക്കലാക്കിയത്.
ലീഗ് നേതാക്കള്‍ വാച്ച് റിപ്പയറിങ് ഷോപ്പ് സ്വന്തം പേരിലേക്കാക്കിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രിക്കും മുഹമ്മദ് കുട്ടി പരാതി നല്‍കിയിരുന്നു.
2013-14ല്‍ സ്വന്തമായി ലൈസന്‍സ് ലഭിച്ചതോടെ കടയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് മുഹമ്മദ് കുട്ടിയും കുടുംബവും കഴിഞ്ഞുപോന്നിരുന്നത്. എന്നാല്‍ ബസ് സ്റ്റാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കട ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി.
കട നിലനിര്‍ത്തണമെങ്കില്‍ 15 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും വാര്‍ഡ് കൗണ്‍സിലറുമായിരുന്നയാള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് മുഹമ്മദ് കുട്ടി പറഞ്ഞത്. ബസ് സ്റ്റാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണം നല്‍കണമെന്നും പണം മൂന്ന് ഗഡുക്കളായി പാര്‍ട്ടി ഫണ്ടില്‍ നിന്ന് അടക്കുമെന്നുമായിരുന്നു നേതാവ് പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണം പാര്‍ട്ടി അടക്കുമെന്ന് പറഞ്ഞതോടെ ഒന്നുമെഴുതാത്ത വെള്ള പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കി. ഇതിന് പിന്നാലെ 15 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നു, അതിന്റെ ചെക്ക് ലീഫ് നഗരസഭയുടെ ഓഫീസിലുമെത്തിച്ചു. എന്നാല്‍, നേതാവുമായി പങ്കുകച്ചവടം നടത്തിയിരുന്നതായും അനാരോഗ്യം കാരണം കച്ചവടത്തില്‍ നിന്ന് മാറി നില്‍ക്കുന്നതുകൊണ്ട് ലൈസന്‍സ് പ്രാദേശിക ലീഗ് നേതാവിന്റെ പേരിലേക്ക് മാറ്റുകയാണെന്ന അപേക്ഷക്ക് മറുപടി കിട്ടിയപ്പോഴാണ് അപടകടം മനസിലായതെന്നും മുഹമ്മദ് കുട്ടി പറയുന്നു.
അംഗപരിമിതിയെ തുടര്‍ന്ന് ലഭിച്ച സ്ഥാപനം ഉപയോഗിക്കുന്നില്ലെങ്കില്‍ തിരിച്ച് നല്‍കണമെന്നും ക്രയവിക്രയങ്ങള്‍ നടത്താന്‍ പാടില്ല, ലൈസന്‍സ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാനോ ഈ ലൈസന്‍സ് ഉപയോഗപ്പെടുത്തി മറ്റൊരു സ്ഥലത്ത് പ്രവര്‍ത്തനം നടത്താനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ജനപ്രതിനിധിയും ലീഗ് നേതാവും സ്ഥാപനം കൈവശപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരിലേക്ക് കടമുറി മാറ്റിയതോടെ പത്ത് ലക്ഷം രൂപയാണ് തനിക്കും കുടുംബത്തിനും നല്‍കിയതെന്നും മുഹമ്മദ് കുട്ടി പറയുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യം അന്വേഷിച്ച് ചെന്ന തന്നെയും കുടുംബത്തേയും ലീഗ് നേതാക്കള്‍ ഭീഷണിപ്പെട്ടത്തിയതായും ബസ് സ്റ്റാന്റ് കെട്ടിടത്തോട് ചേര്‍ന്ന് ചെറിയ ബൂത്ത് സൗകര്യമൊരുക്കി തരാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തതായും മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ പറഞ്ഞു.
വീടിന് കട ബാധ്യതയുണ്ടെന്നും അത് തീര്‍ക്കാനാണ് പത്ത് ലക്ഷം രൂപ നല്‍കിയതെന്നും കോട്ടക്കലിലെ മുസ്‌ലിം ലീഗ് നേതാക്കളോട് പറയണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടതായി മുഹമ്മദ് കുട്ടിയുടെ മകന്‍ ഇസ്മായില്‍ പറഞ്ഞു.
Content Highlights: Complaint that muslim league leaders owned the room of a disabled person