ചണ്ഡീഗഡ്: ഐ.പി.എസ് ഓഫീസര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിച്ചുവെന്ന് പരാതി. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏഴ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി, എ.ഡി.ജി.പിമാര്‍, മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇമെയില്‍ വഴി പരാതി അയച്ചിരുന്നു. അതേസമയം എസ്.എച്ച്.ഒയും ഡി.എസ്പിയും ഒരുമിച്ചാണ് ഹണിട്രാപ് നടത്തുന്നതെന്നും വനിതാ ഉദ്യോഗസ്ഥര്‍ പരാതിയില്‍ പറയുന്നു.
ഒരു വനിതാ എസ്.എച്ച്.ഒ, വനിതാ ഡി.എസ്.പി, ഒരു എസ്.പി എന്നിവര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ഹണി ട്രാപ്പില്‍ ഏര്‍പ്പെടുന്നതായും പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രതികൂലമായി രേഖപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
ജിന്ദ് എം.എല്‍.എ കൃഷ്ണ മിധയുടെ ഇടപെടലിനെ തുടര്‍ന്ന് വിധവയായ ഒരു വനിതാ ഉദ്യോഗസ്ഥ രക്ഷപ്പെട്ടെങ്കിലും അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടിനെ ഇത് ബാധിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ 19 വനിതാഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം പൂര്‍ത്തിയായാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് സൂപ്രണ്ട് ആസ്ത മോദി പറഞ്ഞു.
എസ്.പിയുടെ ഭാര്യയും മക്കളും മറ്റൊരു ജില്ലയിലാണ് താമസിക്കുന്നതെന്നും ഒരുമിച്ച് ജോലി ചെയ്യുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ മോശമായി ചിത്രീകരിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് വനിതാ ഉദ്യോഗസ്ഥരെ കൊണ്ടുപോകാറുണ്ടെന്നും അവിടെ സ്ത്രീകള്‍ക്കെതിരായ നിരവധി സംഭവങ്ങളുണ്ടാവാറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഐ.പി.എസ് ഓഫീസര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിച്ചുവെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണമുണ്ടാവുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നുമാണ് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞത്.
Content Highlight: Complaint that IPS officer molested seven women police officers in Haryana