സി.പി.ഐ.എം നേതാവ് കള്ളവോട്ട് ചെയ്തെന്ന് പരാതി; അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍
Kerala News
സി.പി.ഐ.എം നേതാവ് കള്ളവോട്ട് ചെയ്തെന്ന് പരാതി; അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2024, 11:49 am

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ സി.പി.ഐ.എം നേതാവ് കള്ളവോട്ട് ചെയ്തെന്ന് പരാതി. 92 വയസുകാരിയുടെ വോട്ട് അനധികൃതമായി രേഖപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

കാസര്‍കോട് മണ്ഡലത്തിലെ കല്ല്യാശ്ശേരിയിലാണ് സംഭവം. കല്ല്യാശ്ശേരി മുന്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും പോളിങ് ബൂത്ത് ഏജന്റുമായ ഗണേഷന്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. പാറക്കടവില്‍ ദേവിയുടെ വോട്ടാണ് സി.പി.ഐ.എം നേതാവ് കള്ളവോട്ടായി രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിന്റെ തെളിവുകളടങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ജില്ലാ കളക്ടറുടെ കൈവശമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ആറ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടല്‍ തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും ഒരു മൈക്രോ ഒബ്‌സര്‍വറേയും ഒരു സിവില്‍ പോലീസ് ഓഫീസറെയും ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന വീഡിയോ ഗ്രാഫറെയുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥര്‍ക്ക് പോളിങ് ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച മുതലാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാരംഭിച്ചത്. ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സംവിധാനം ആരംഭിച്ചത്.

വോട്ട് ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കിയവരുടെ വീടുകളിലാണ് അധികാരപ്പെട്ട ഉദ്യോഗസ്ഥരെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നത്.

Content Highlight: Complaint that CPI(M) leader cast fake vote in mock polling