| Thursday, 25th April 2024, 9:07 pm

സുരേഷ് ഗോപിക്കായി വോട്ടിന് പണം നല്‍കി ബി.ജെ.പി; 500 രൂപ വീതം നല്‍കിയതായി പരാതിക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി വോട്ടിന് പണം നല്‍കിയെന്ന് പരാതി. തൃശൂര്‍ മണ്ഡലത്തിലെ ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാരാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്. പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ സുഭാഷ് വീട്ടിലെത്തി 500 രൂപ വീതം നല്‍കിയെന്നാണ് ആരോപണം.

അടിയാത്ത് ഓമന, ചക്കനാരി ലീല എന്നിവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനല്‍കിയെങ്കിലും സുഭാഷ് തിരികെ വാങ്ങിയില്ലെന്നും പരാതിക്കാര്‍ പറയുന്നു.

ഇതിനുപിന്നാലെ പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോള്‍ പണവുമായി വന്നയാള്‍ മടങ്ങി പോയെന്നും പരാതിക്കാര്‍ പറയുന്നു. ആരോപണത്തെ ശരിവെച്ച് തൃശൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാറും രംഗത്തെത്തി. സി.പി.ഐ.എം ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്നത് തമാശ മാത്രമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

അതേസമയം വോട്ടിന് പണം നല്‍കിയെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു. തോല്‍വി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബി.ജെ.പി ആരോപിച്ചു.

വ്യാഴാഴ്ച പൗരന്‍മാരെ പ്രജ എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്തതിനെ സുരേഷ് ഗോപി ന്യായീകരിച്ചിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ പാല ബിഷപ്പിനെ സന്ദര്‍ശിച്ചതിന് ശേഷം മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിലാണ് സുരേഷ് ഗോപി പ്രജ എന്ന വാക്ക് നിരോധിച്ചിട്ടില്ലെന്നും പ്രജാതന്ത്രം എന്താണെന്ന് വിമര്‍ശിക്കുന്നവരോട് പഠിക്കാന്‍ പറയണമെന്നും പറഞ്ഞത്.

നേരത്തെ സുരേഷ് ഗോപി ജനങ്ങളെ പ്രജകളെന്ന് വിളിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തൃശൂരില്‍ നടന്ന വി.എസ്. സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സുരേഷ് ഗോപിയുടെ പ്രയോഗത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

Content Highlight: Complaint that BJP paid money for votes in Thrissur

We use cookies to give you the best possible experience. Learn more