|

വീട്ടില്‍ പ്രസവിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന പരാതി; സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോവുക മാത്രമല്ല മാതാപിതാക്കളുടെ കടമ: ജിനേഷ് പി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വീട്ടില്‍ പ്രസവം നടന്നതിന്റെ പേരില്‍ നവജാത ശിശുവിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു എന്ന പരാതിയില്‍ പ്രതികരണവുമായി ജിനേഷ് പി.എസ്.

ജനന സര്‍ട്ടിഫിക്കറ്റ് കുട്ടിയുടെ അവകാശമാണെങ്കിലും മാതാപിതാക്കള്‍ക്ക് കുട്ടികളോട് മറ്റ് ചില കടമകള്‍ പാലിക്കാനുണ്ടെന്ന് പറയുകയാണ് ഇന്‍ഫോ ക്ലിനിക് കോ. ഫൗണ്ടറായ ജിനേഷ് പി.എസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കുട്ടിയുടെ അവകാശമാണെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ജനനം രജിസ്റ്റര്‍ ചെയ്യണമെന്ന് ജിനേഷ് പി.എസ് തന്റെ കുറിപ്പിലൂടെ പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ പരാതി നല്‍കിയ ദമ്പതികള്‍ക്ക് കുട്ടിയോട് ചില കടമകള്‍ പാലിക്കാനുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ മാതാപിതാക്കള്‍ അവയൊന്നും പാലിച്ചില്ലെന്നും തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രസവത്തിന് ആശുപത്രിയില്‍ ചെല്ലാന്‍ പറഞ്ഞ തീയതിക്ക് ഇവര്‍ പോയില്ലെന്നും ആശുപത്രിയില്‍ പോയാല്‍ മരുന്ന് വെക്കുമെന്നതിനാലാണ് പ്രസവം വീട്ടില്‍ നിന്ന് തന്നെ നടത്തിയതെന്ന ദമ്പതികളുടെ വാദത്തേയും അദ്ദേഹം വിമര്‍ശിക്കുന്നു.

‘പ്രസവത്തിന് ആശുപത്രിയില്‍ ചെല്ലാന്‍ പറഞ്ഞ തീയതി പോയില്ല. പോയാല്‍ മരുന്ന് വെക്കുമത്രേ! സ്വാഭാവികമായി വേദന വരുമ്പോള്‍ പോകാമെന്ന് തീരുമാനിച്ചു. പക്ഷേ പറഞ്ഞ ഡേറ്റിന് തന്നെ വേദന വന്നു. പോകാന്‍ പറ്റിയില്ല. ഭാഗ്യത്തിന് കുഴപ്പമൊന്നുമുണ്ടായില്ല. പ്രസവശേഷം അടുത്ത കടയില്‍ പോയി ബ്ലേഡ് മേടിച്ച് വന്ന് പൊക്കള്‍ക്കൊടി മുറിച്ചു. കുഞ്ഞിന്റെ അച്ഛന്‍ തന്നെ,’ ജിനേഷ് പി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.

കുട്ടിക്ക് ഹെല്‍ത്തില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പറഞ്ഞപ്പോള്‍ വേണ്ട എന്ന് എഴുതി കൊടുത്തെന്നും ജിനേഷ് തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്. മാതാപിതാക്കള്‍ പ്രസവം എടുക്കുന്നതിനെ കുറിച്ചൊന്നും പഠിച്ചിട്ടില്ലെങ്കിലും അക്യുപങ്ചര്‍ പഠിച്ചവരാണൈന്ന മാതാപിതാക്കളുടെ മറുപടിയേയും ജിനേഷ് പി.എസ് വിമര്‍ശിക്കുന്നുണ്ട്.

ശാസ്ത്രീയമായ രോഗപ്രതിരോധവും പരിചരണവും കുട്ടിയുടെ അവകാശവും മാതാപിതാക്കളുടെ കടമയുമാണെന്നും അല്ലാതെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോവുക മാത്രമല്ല മാതാപിതാക്കളുടെ കടമയെന്ന് ഓര്‍മിപ്പിച്ചാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കോഴിക്കോട് കോട്ടൂളി സ്വദേശിയായ ഷറാഫത്ത് ആണ് തന്റെ കുട്ടിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. 2024 നവംബര്‍ രണ്ടിനാണ് കുട്ടി ജനിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്‌നാ ജാസ്മിന്‍ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രിയില്‍വെച്ച് പ്രസവം നടത്താന്‍ താത്പര്യം ഇല്ലാത്ത ദമ്പതികള്‍ വീട്ടില്‍വെച്ച് തന്നെ പ്രസവം നടത്തുകയായിരുന്നു.

കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് വാങ്ങി വരികയും അതുപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റുകയായിരുന്നു.

അന്ന് ഉച്ചയോടെ കെ സ്മാര്‍ട്ട് വഴി ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നതായും ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് ആശാ വര്‍ക്കര്‍ എത്തി പരിശോധന നടത്തിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പൊതുജന ആരോഗ്യ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എന്നാല്‍ ഇവര്‍ ഇതൊന്നും പാലിച്ചില്ലെന്നുമാണ് ആരോഗ്യവകുപ്പ് നല്‍കുന്നവിശദീകരണം.

ദമ്പതികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച സംഭവം വാര്‍ത്തയായതോടെ ഇരുവരേയും അനുകൂലിച്ചും പ്രതികരിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Complaint that birth certificate was not issued to a child born at home; parents’ duty not only to go and get the certificate says Jinesh PS