പാലക്കാട്: തമിഴ്നാട് മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നുവിട്ടതായി പരാതി. ഡാം തുറന്നു വിട്ടതോടെ പാലക്കാട് ജില്ലയിലെ പുഴകളില്‍ ശക്തമായ കുത്തൊഴുക്കുണ്ടായി. ഇതേതുടര്‍ന്ന് ചിറ്റൂര്‍,യാക്കര പുഴകളില്‍ ജലനിരപ്പുയര്‍ന്നു. സെക്കന്റില്‍ ആറായിരം ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
ആളിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് പാലക്കാട് ജില്ലാ അധികൃതര്‍ പറയുന്നത്. എന്നാല്‍, സെക്കന്റില്‍ ആറായിരം ക്യൂസെക്സ് വെള്ളം തുറന്നു വിടുമെന്ന് ജലവിഭവ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിരുന്നെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം, ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും വിവരം നല്‍കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയോരങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. ഏകദേശം 40 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം