| Saturday, 11th January 2025, 3:49 pm

അങ്കണവാടിയില്‍ വെച്ച് രണ്ടരവയസുകാരിയെ ടീച്ചര്‍ കമ്പിവടി ഉപയോഗിച്ച് മര്‍ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടരവയസുകാരിയെ  അങ്കണവാടി ടീച്ചര്‍ കമ്പിവടി ഉപയോഗിച്ച് മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് എ. അബ്ദുല്‍ മജീദ് മെമ്മോറിയല്‍ 27ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം.

ഇന്നലെ ഉച്ചയോട് കൂടിയാണ് മര്‍ദനം നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയോട് ടീച്ചര്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ അനുസരിക്കാത്തതിന് കമ്പി കൊണ്ട് തല്ലുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

ചെറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് അടി കൊണ്ടത്. ഷൂ റാക്കിന്റെ കമ്പി കൊണ്ടാണ് ടീച്ചര്‍ മര്‍ദിച്ചെന്നാണ് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസിനോട് സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചൈല്‍ഡ് ലൈന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ കുട്ടിയെ താന്‍ അടിച്ചിട്ടില്ലെന്നും മറ്റൊരു കുട്ടിയാണ് അഴിച്ചുവെച്ചിരുന്ന ഷൂ റാക്കിന്റെ കമ്പി ഉപയോഗിച്ച് കുട്ടിയെ മര്‍ദിച്ചതെന്നാണ് അങ്കണവാടി ടീച്ചര്‍ ബിന്ദു പറയുന്നത്.

താന്‍ 26 വര്‍ഷമായി അധ്യാപികയായി പ്രവര്‍ത്തിക്കുകയാണെന്നും ഒരിക്കല്‍പ്പോലും കുട്ടികളോട് മോശമായി പെരുമാറിയെന്ന് പരാതി വന്നിട്ടില്ലെന്നും ബിന്ദു പറഞ്ഞു. മാതാപിതാക്കള്‍ കുട്ടിയെ വൈകുന്നേരം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ അങ്കണവാടിയില്‍ എത്തിയപ്പോഴാണ് മര്‍ദന വിവരം അറിയുന്നത്.

Content Highlight: Complaint that a two and a half year old girl was beaten up with a wire rod in at anganwadi

We use cookies to give you the best possible experience. Learn more