മലപ്പുറം: കോഡൂരില്‍ മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കോഡൂര്‍ വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകനായ മാത്യു കെട്ടിയിട്ട് ഉപദ്രവിച്ചതായുള്ള പരാതിയുള്ളത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതല്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തി. അധ്യപകനെ പുറത്താക്കണമെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെയും ആവശ്യം.
സംഭവത്തില്‍ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി കര്‍ശന നടപടി അധികാരികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കോഡൂര്‍ വെസ്റ്റ് മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെപട്ടു.
എന്നാല്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്ന ആരോപണം ശരിയല്ലെന്നും കുട്ടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും പ്രധാന അധ്യാപകന്‍ മുസ്തഫ ഡൂള്‍ന്യൂസിനോട് പറഞ്ഞു. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്റ്റാഫ് കൗണ്‍സിലും പി.ടി.എ മീറ്റിങ്ങും കൂടി കൃത്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സൊഡോക്കൊ കൊക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറിയില്‍ കയറില്‍ കയറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. ആ കയര്‍ അറ്റുവീഴുകയും അധ്യാപകന്‍ കുട്ടിയെ പിടിച്ചുമാറ്റുന്നതിനിടെ കാലില്‍ കുരുങ്ങുകയുമാണുണ്ടായത്. എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത്,’ മുസ്തഫ പറഞ്ഞു.