അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷക ഷീജ ഗിരീഷ് നായരെ കാണാതായെന്ന് പരാതി. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് പോവുന്ന ഗുജറാത്ത് എക്സ്പ്രസ്സിലെ യാത്ര മധ്യേയാണ് അഭിഭാഷകയെ കാണാതായത്.
തിങ്കാഴ്ച 9.30 രാവിലെ അഹമ്മദാബാദിൽ നിന്നും പുറപ്പട്ട അഭിഭാഷക ഉച്ചക്ക് 12.30 ന് വീട്ടിലേക്ക് വിളിച്ചിരുന്നു. 3.30 ന് മുംബയിൽ എത്തുമ്പോൾ ഇനി വിളിക്കാമെന്നും പറഞ്ഞിരുന്നു. പക്ഷെ പിന്നീട് വിളിക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാട്സ്ആപ്പിൽ സന്ദേശം അയക്കുകയും ചെയ്തിരുന്നു. സന്ദേശം കണ്ടിട്ടും മറുപടി അയക്കാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നിലവിൽ ഫോൺ സ്വിച്ച് ഓഫ് തന്നെയാണ്.
അഹമ്മദാബാദിൽ അഭിഭാഷക താമസിക്കുന്ന വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സഹപ്രവർത്തകർ എത്തിയെങ്കിലും പരാതിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. റെയിൽവേ പൊലീസിനാണ് പരാതി കൊടുക്കേണ്ടതെന്നാണ് നിർദ്ദേശം നൽകിയത്. തുടർന്ന് റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ പരാതി സ്റ്റേറ്റ് പൊലീസിനെയാണ് അറിയിക്കേണ്ടതെന്ന് പറഞ്ഞു മടക്കി അയച്ചു.
പരാതിയുമായി എത്തിയവരുടെ കൂടെ ഉണ്ടായിരുന്ന ഷീജയുടെ സുഹൃത്തായ അഭിഭാഷക, പരാതി എടുക്കാൻ തയ്യാറായില്ലെങ്കിൽ കമ്മീഷണറെ നേരിട്ട് അറിയിക്കുമെന്ന് പറഞ്ഞു. തുടർന്നാണ് പൊലീസ് പരാതിയെടുത്തതെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ദിവസങ്ങൾക്കു ശേഷം മാത്രമായിരിക്കും കേസിന്റെ നടപടികൾ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 14 ന് അഹമ്മദാബാദിൽ ഇന്ത്യ – പാകിസ്ഥാൻ തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കാൻ പോവുകയാണ്. അതിന്റെ ഭാഗമായ സുരക്ഷാ നടപടികളിലാണ് നിലവിൽ പൊലീസ് ഫോഴ്സ് ഉള്ളത്, എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് കിട്ടിയ പ്രതികരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
Content Highlight: Complaint that a Malayali lawyer is missing in Gujarat