| Friday, 7th June 2024, 6:48 pm

തൃശൂര്‍ ഡി.സി.സി ഓഫീസില്‍ കൂട്ടത്തല്ല്: കെ. മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വിവാദങ്ങള്‍ ഒഴിയാതെ തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം. ജില്ലാ ഡി.സി.സി ഓഫീസില്‍ കെ. മുരളീധരന്റെ അനുയായിയെ കൈയ്യേറ്റം ചെയ്തതായി പരാതി. വെള്ളിയാഴ്ച്ച വൈകീട്ട് നടന്ന ഡി.സി.സി യോഗത്തിനിടെയാണ് സംഭവം.

ഡി.സി.സി സെക്രട്ടറി സജീവന്‍ കുര്യച്ചിറയെ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് കൈയേറ്റം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സംഭവത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കൈയേറ്റം നടന്നതിന് പിന്നാലെ സജീവന്‍ കുര്യച്ചിറ ഡി.സി.സി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകരും കെ. മുരളീധരനെ അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ഭൂരിപക്ഷത്തില്‍ ജയിച്ചതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

Content Highlight: Complaint that a follower of K Muraleedharan was assaulted

We use cookies to give you the best possible experience. Learn more