| Monday, 2nd May 2022, 8:22 am

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; പി.സി. ജോര്‍ജ്ജിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന് അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി യു.പി.എസ്.സി അധ്യാപകനായ അന്‍വര്‍ പാലോടാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ ജോര്‍ജ്ജ് കോടതി വളപ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയത് തന്നെ ഞെട്ടിച്ചെന്നും, എം.എ യൂസഫലിക്കെതിരായ പ്രസ്താവന ഉഴിച്ച് ബാക്കിയുള്ള പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.

വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ ബോധപൂര്‍വം കലര്‍ത്തുന്ന സംഭവത്തെ പറ്റി തനിക്ക് അറിയാന്‍ സാധിച്ചവെന്ന് അദ്ദേഹം പറഞ്ഞുവെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതിലൂടെ മതവിദ്വേഷം വളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പി.സി. ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ പാലോട് നല്‍കിയ പരാതി

ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ്ജ് മുസ്‌ലിം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണു തന്റെ അറസ്റ്റെന്നും, മതസൗഹാര്‍ദത്തിനു വിരുദ്ധമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു.

ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജ്ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

എ.ആര്‍ ക്യമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ജോര്‍ജ്ജിന് ഉച്ചയോടെയാണ് ജാമ്യം ലഭിച്ചത്. പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

Content Highlight: Complaint seeking revocation of bail of PC George

We use cookies to give you the best possible experience. Learn more