കോഴിക്കോട്: നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പരാതി. ബുക്ക് മൈ ഷോയില്‍ സിനിമയുടെ ടിക്കറ്റ് സോള്‍ഡ് ഔട്ട് ആയി എന്ന് കാണിക്കുമ്പോള്‍ തിയേറ്ററിലെത്തിയപ്പോള്‍ ആളില്ലാത്തതിനാല്‍ ഷോ ഇല്ലെന്നാണ് മറുപടി ലഭിക്കുന്നതെന്ന്
നജീബ് മൂടാടി എന്ന പ്രൊഫൈല്‍ ഫേസ്ബുക്കിലെഴുതി. സംവിധായകന്‍ ഷമലും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ആപ്പ് വഴി ടിക്കറ്റ് എടുക്കാന്‍ നോക്കിയവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ പറ്റാതെ എങ്ങനെയാണ് ആളില്ല എന്ന് തീരുമാനിക്കുകയെന്ന് നജീബ് കുറിപ്പില്‍ ചോദിക്കുന്നു.
‘ആപ്പ് വഴി ടിക്കറ്റ് എടുക്കാന്‍ നോക്കിയവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ പറ്റാതെ എങ്ങനെയാണ് ആളില്ല എന്ന് തീരുമാനിക്കുക. അധികപേരും സീറ്റുണ്ടോ എന്ന് നോക്കാനും ആപ്പ് ആണ് ഉപയോഗിക്കുന്നത്. ആപ്പിലെ ഈ കളി കൊണ്ട് ഹൗസ് ഫുള്‍ ആണെന്ന് കരുതിയോ ഷോ ഇല്ല എന്ന് കരുതിയോ വരാത്തവരും ഉണ്ടാകും.
ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു സിനിമ തിയേറ്ററില്‍ എത്തിക്കുക എന്നത് ചെറിയ കഷ്ടപ്പാടല്ല. പൊതുവെ തിയേറ്ററുകളില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങിയത് ഈ വ്യവസായത്തെയും കലയെയും എങ്ങനെ ബാധിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ,’ നജീബ് മൂടാടി കുറിപ്പില്‍ പറയുന്നു.
സിനിമ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ എത്തുന്നില്ല എന്ന പരാതി ഒരു വശത്തു നില്‍ക്കെ ചില സിനിമകള്‍ക്ക് തിയേറ്ററിലേക്ക് ആളുകള്‍ വരാതിരിക്കാനുള്ള ശ്രമവും ഉണ്ടാകുന്നോ എന്ന് സംശയം തോന്നിപ്പോകുന്നുണ്ട്.
രണ്ട് ദിവസം മുമ്പ് റിലീസായ’ജാക്‌സണ്‍ ബസാര്‍ യൂത്ത്’ എന്ന സിനിമ കാണാന്‍ ഇന്ന് രാവിലെ ബുക്ക് മൈ ഷോ ആപ്പില്‍ വടകരയിലെ തിയേറ്ററുകള്‍ നോക്കിയപ്പോള്‍ കീര്‍ത്തിയില്‍ നാലു ഷോ ഉണ്ട്. പക്ഷെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുമ്പോള്‍ ആപ്പ് – Sorry. Something went wrong. Please try again
after sometime
It seems seats are sold out hence we can’t
proceed further. Please check another show- എന്നു കാണിക്കുന്നു.
എന്നാല്‍ നേരിട്ടുപോയി നോക്കിയാലോ എന്ന് കരുതി രണ്ട് മണിയുടെ ഷോക്ക് ഒന്നരക്ക് തന്നെ എത്തിയപ്പോള്‍ പതിനഞ്ച് പേരെങ്കിലും ഇല്ലെങ്കില്‍ ഷോ ഉണ്ടാവില്ലെന്നും ഇതുവരെ ആരും ആ സിനിമക്ക് എത്തിയില്ല എന്നും മറുപടി!.
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളിലൂടെയും നാടൊട്ടുക്കും പോസ്റ്ററായും നല്ല പ്രചാരണം കൊടുത്ത, തിയേറ്ററില്‍ തന്നെ കണ്ടാസ്വദിക്കേണ്ട ഈ സിനിമക്ക് ഇറങ്ങി നാലാം ദിവസം തീരെ ആളില്ലാതിരിക്കാന്‍ ഒരു ന്യായവും ഇല്ല. പ്രത്യേകിച്ചും വടകരയില്‍. ഈ സിനിമയുടെ ഷൂട്ടിങ് പോലും വടകരക്ക് അടുത്ത പേരാമ്പ്രയില്‍ ആയിരുന്നു.
ആപ്പ് വഴി ടിക്കറ്റ് എടുക്കാന്‍ നോക്കിയവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ പറ്റാതെ എങ്ങനെയാണ് ആളില്ല എന്ന് തീരുമാനിക്കുക. അധികപേരും സീറ്റുണ്ടോ എന്ന് നോക്കാനും ആപ്പ് ആണ് ഉപയോഗിക്കുന്നത്. ആപ്പിലെ ഈ കളി കൊണ്ട് ഹൗസ് ഫുള്‍ ആണെന്ന് കരുതിയോ ഷോ ഇല്ല എന്ന് കരുതിയോ വരാത്തവരും ഉണ്ടാകും.
അഞ്ച് മണിയുടെ ഷോയുടെ അവസ്ഥ ഒരു കൗതുകത്തിന് ആപ്പില്‍ നോക്കിയപ്പോള്‍ ‘all the tickets of this show are sold out’ എന്ന് കാണിക്കുന്നു. സംഗതി ആ ഷോവും ഒഴിവാക്കിയതാണ് എന്നു ചുരുക്കം.
ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു സിനിമ തിയേറ്ററില്‍ എത്തിക്കുക എന്നത് ചെറിയ കഷ്ടപ്പാടല്ല. പൊതുവെ തിയേറ്ററുകളില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങിയത് ഈ വ്യവസായത്തെയും കലയെയും എങ്ങനെ ബാധിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അങ്ങനെ ഒരു സാഹചര്യത്തില്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരെയും വഴി തിരിച്ചുവിടുന്നത് ക്രൂരതയാണ്. പ്രത്യേകിച്ചും സിനിമ ഇറങ്ങിയ ആദ്യദിവസങ്ങളില്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് അബദ്ധത്തില്‍ സംഭവിക്കുന്നതാവാന്‍ വഴിയില്ല.
കഴിഞ്ഞ ദിവസം ‘ജാനകീ ജാനേ’യുടെ സംവിധായകന്‍ അനീഷ് ഉപാസാനയും സിനിമകളെ ഇങ്ങനെ ഒതുക്കുന്നതിലുള്ള വേദന ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
നിര്‍മാതാവും സംവിധായകനും മുതല്‍ യൂണിറ്റ് ബോയ് വരെ ഒരുപാട് മനുഷ്യരുടെ അധ്വാനവും പണവും വിയര്‍പ്പും കണ്ണീരുമാണ് ഓരോ സിനിമയും. പലരുടെയും എത്രയോ കാലത്തെ സ്വപ്നമാണ്. ഇത്രയേറെ കഷ്ടപ്പെട്ടു നല്ല പ്രചാരണവും നല്‍കി തിയേറ്ററില്‍ എത്തിച്ച സിനിമ ബോധപൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും പ്രേക്ഷകര്‍ക്ക് കാണാനുള്ള അവസരം നിഷേധിക്കുന്നത് അക്രമമാണ്.
എന്തായാലും ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ അങ്ങനെ ആളില്ലാതെ ഷോ ഒഴിവാക്കേണ്ട സിനിമ അല്ല എന്നുറപ്പാണ്. something fishy എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.
ഈ സിനിമയുടെ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കും എന്ന് കരുതുന്നു.
(സംശയമുള്ളവര്‍ book my show വില്‍ വടകരയില്‍ നാളത്തെ ഈ സിനിമയുടെ ഷോ എടുത്തു നോക്കിയാല്‍ മനസ്സിലാവും. ഇതുതന്നെ അവസ്ഥ)