| Monday, 21st August 2023, 12:31 pm

ബാര്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചെന്ന പരാതി; മാത്യു കുഴല്‍നാടനില്‍ നിന്നും വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബാര്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയില്‍ നിന്നും ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ബിസിനസ് നടത്താന്‍ പാടില്ലെന്ന ചട്ടം മാത്യു ലംഘിച്ചെന്നാണ് പരാതി. സി.പി.ഐ.എം അഭിഭാഷക സംഘടനയാണ് പരാതി നല്‍കിയിരുന്നത്. ചിന്നക്കനാലിലുള്ള റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ബാര്‍കൗണ്‍സിലില്‍ പരാതി വന്നത്.

അഭിഭാഷക ചട്ടമനുസരിച്ച് എന്റോള്‍ ചെയ്ത അഭിഭാഷകന് മറ്റ് ബിസിനസുകള്‍ നടത്താന്‍ പാടില്ല. എന്നാല്‍ മാത്യു കുഴല്‍നാടന്റെ പേരില്‍ ലൈസന്‍സുണ്ടെന്നും അതിന് തെളിവുകളുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ വഴി അദ്ദേഹം ആളുകളെ ക്ഷണിച്ചതിന്റെ അടക്കം വിശദാംശങ്ങളുണ്ടെന്നും മാത്യു കുഴല്‍നാടന്റെ എന്റോള്‍മെന്റ് റദ്ദാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നത്.

മാത്യു കുഴല്‍നാടനില്‍ നിന്നും വിശദീകരണം തേടണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാര്‍ കൗണ്‍സില്‍ ഇപ്പോള്‍ മാത്യു കുഴല്‍നാടന് നോട്ടീസ് അയച്ചിരിക്കുന്നത്. 14 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാനാണ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ചിന്നക്കനാലില്‍ സ്വന്തമായി കേരളത്തില്‍ മറ്റെങ്ങും വീടില്ലാത്ത ആളുകള്‍ക്ക് വീട് വെച്ച് താമസിക്കാന്‍ മാത്രമേ ഭൂമി നല്‍കുകയുള്ളൂവെന്നും താന്‍ ചിന്നക്കനാലില്‍ താമസിക്കുന്നയാളാണെന്ന് പറഞ്ഞാണ് മാത്യു കുഴല്‍ നാടന്‍ അവിടെ സ്ഥലം വാങ്ങിയിരിക്കുന്നതെന്നും സി.പി.ഐ.എം എറണാകുളം ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അവിടെയുള്ളത് ഗസ്റ്റ് ഹൗസാണെന്നാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞിട്ടുള്ളതെന്നും എന്നാല്‍ അദ്ദേഹം അത് പറയുമ്പോള്‍ പോലും റിസോര്‍ട്ടിന്റെ ബുക്കിങ് നടക്കുന്നുണ്ടെന്നും സി.എന്‍. മോഹനന്‍ പറഞ്ഞിരുന്നു.

ചിന്നക്കനാല്‍ പഞ്ചായത്തില്‍ സ്വന്തമായി കേരളത്തില്‍ മറ്റെങ്ങും വീടില്ലാത്ത ആളുകള്‍ക്ക് വീട് വെച്ച് താമസിക്കാന്‍ മാത്രമേ ഭൂമി നല്‍കുകയുള്ളൂ. 1964ലെ ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയേ കൊടുക്കുകയുള്ളൂ. മാത്യു കുഴല്‍നാടന്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്നത് താന്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഇത്രാം വാര്‍ഡില്‍ താമസിക്കുന്ന സ്ഥിരതാമസക്കാരനാണെന്നാണ്. അങ്ങനെയാണ് ഭൂമി അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Complaint of violation of the rules of the Bar Council; Mathew kuzhalnadan sought an explanation from council

Latest Stories

We use cookies to give you the best possible experience. Learn more