| Tuesday, 11th October 2022, 3:44 pm

പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അധ്യാപികയുടെ പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, അതിക്രമിച്ച് കടന്നു, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോവളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. പരാതിക്കാരിയുടെ കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനാല്‍ പൂര്‍ണമായി മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ യുവതി നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മൊഴി കൂടി അടിസ്ഥാനമാക്കി എം.എല്‍.എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

അതേസമയം യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവതിയുടെ സുഹൃത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ വെച്ച് ഇവരെ പൊലീസ് കണ്ടെത്തുകയായിരുന്നു. തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് ഇവരുമായി കോവളത്തേക്ക് പോയി.

മൊഴിയെടുത്ത ശേഷം എം.എല്‍.എക്കെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്‌കൂളിലെ അധ്യാപികയാണ്. സംഭവത്തെകുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമായിരുന്നു ഇന്നലെ എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.

ഒന്നര വര്‍ഷത്തിലറെയായി എല്‍ദോസുമായി സൗഹൃദമുണ്ടെന്നാണ് കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ പരാതിക്കാരിയായ അധ്യാപിക മൊഴി നല്‍കിയത്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. പല സ്ഥലങ്ങളില്‍ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.

കോവളം പൊലീസിനെതിരെയും യുവതി ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിയില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നും പരാതി നല്‍കിയതിന് ശേഷം ഈ മാസം ഒമ്പതിന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും തന്നെ എം.എല്‍.എ ബലമായി പിടിച്ചിറക്കിയെന്നും അധ്യാപിക കോടതിയില്‍ പറഞ്ഞു. എം.എല്‍.എ തന്നെ കോവളം എസ്.എച്ച്.ഒക്ക് മുന്നിലെത്തിച്ചു. പരാതി ഒത്തുതീര്‍ത്തെന്ന് എം.എല്‍.എ അറിയിച്ചു. എഴുതി നല്‍കാന്‍ എസ്.എച്ച്.ഒ ആവശ്യപ്പെട്ടുവെന്നും അധ്യാപിക പറയുന്നു.

എസ്.എച്ച്.ഒയുടെ സാന്നിധ്യത്തില്‍ എം.എല്‍.എ പണത്തിന് വേണ്ട് ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാന്‍ ബോധപൂര്‍വ്വം വൈകിപ്പിച്ചു. സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.

Content Highlight: Complaint of sexual harassment; case was filed against Eldhose Kunnapilly under the non-bailable section

We use cookies to give you the best possible experience. Learn more