| Sunday, 15th December 2024, 1:50 pm

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റലിനെതിരെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റലിനെതിരെ പരാതിയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

കഴിഞ്ഞ വര്‍ഷമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് കോഴ്‌സ് ആരംഭിച്ചത്. രണ്ട് ബാച്ചുകളിലായി 120 വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് കോഴ്‌സ് പഠിക്കുന്നത്.

മെഡിക്കല്‍ കോളേജിന് സ്വന്തമായി ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ സമീപത്തുള്ള സ്‌കൂള്‍ കെട്ടിടം ലേഡീസ് ഹോസ്റ്റലാക്കുകയായിരുന്നു. 95 കുട്ടികളാണ് ഇവിടെ കഴിയുന്നത്.

താത്കാലിക ഹോസ്റ്റലിലെ നാല് മുറികളിലായി 49 വിദ്യാര്‍ത്ഥികളാണ് കഴിയുന്നതെന്ന് ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മാസം മുമ്പ് ജൂനിയര്‍ ബാച്ച് വന്നിട്ടും അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

5000 രൂപ അടച്ചാണ് ഹോസ്റ്റലില്‍ അഡ്മിഷന്‍ എടുത്തതെന്നും അന്നുമുതല്‍ കഷ്ടപ്പാടിന്റെ അങ്ങേയറ്റമാണെന്നും വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയപ്പോള്‍ ‘നിങ്ങള്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ്. ഇതൊക്കെ സഹിക്കണം’ എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞതായി മറ്റൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.

പഠിക്കാന്‍ സ്റ്റഡി റൂമില്ലെന്നും ചൂടാക്കിയ കുടിവെള്ളത്തില്‍ ബാത്‌റൂമില്‍ നിന്ന് വെള്ളം കൊണ്ടൊഴിച്ചുവെന്നും നഴ്‌സിങ് വിദ്യാര്‍ത്ഥി പറഞ്ഞു. വാര്‍ഡന്‍ വളരെ മോശമായാണ് പെരുമാറുന്നത്. പെട്ടുപോയല്ലോ എന്ന സങ്കടം മാത്രമേ ഇപ്പോഴുള്ളുവെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു.

നേരത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. കണ്ണും വായും മൂടികെട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ലക്ചര്‍ ഹാള്‍, ഡെസ്‌കും ഉപകരണങ്ങളും, ലാബുകള്‍, ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുക, ലക്ചറര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കല്‍ കോളേജ് 2022ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

Content Highlight: Complaint of nursing students against hostel in Idukki Medical College

We use cookies to give you the best possible experience. Learn more