World News
ഷോപ്പിങ് വെബ്‌സൈറ്റിന് വിസിബിലിറ്റി നല്‍കിയില്ലെന്ന് പരാതി; ഗൂഗിളിന് 2.4 ബില്യണ്‍ പൗണ്ട് പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 30, 09:44 am
Wednesday, 30th October 2024, 3:14 pm

ലണ്ടന്‍: ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങളില്‍ ചെറുകിട കമ്പനികള്‍ക്ക് ഇടിവുണ്ടാക്കിയ ഗുഗിളിന് തിരിച്ചടി. ദമ്പതികള്‍ നടത്തുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റിന് വിസിബിലിറ്റി കുറക്കാന്‍ ശ്രമിച്ച ഗൂഗിളിനെതിരെ നല്‍കിയ കേസിലാണ് തിരിച്ചടി നേരിട്ടത്.

ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങളില്‍ ചെറുകിട കമ്പനികള്‍ക്ക് ഇടിവുണ്ടാക്കിയ ഗൂഗിളിന് 2.4 ബില്യണ്‍ പൗണ്ടാണ് (ഏകദേശം 21,790 കോടി) രൂപയാണ് യു.കെ കോടതി പിഴ ചുമത്തിയത്.

2006ല്‍ ആരംഭിച്ച ഫൗണ്ടം എന്ന ഷോപ്പിങ് സൈറ്റിന്റെ സ്ഥാപകരായ ഷിവോന്‍-ആദം റാഫ് എന്ന യു.കെ സ്വദേശികളായ ദമ്പതികളുടെ ഹരജിയിലാണ് കോടതിയുടെ നടപടി.

തങ്ങളുടെ വെബ്‌സൈറ്റിന്റെ വിസിബിലിറ്റി കുറയ്ക്കാന്‍ ഗൂഗിള്‍ ശ്രമിച്ചുവെന്നാണ് ദമ്പതികള്‍ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നത്.

എന്നാല്‍ സാങ്കേതിക തകരാറെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നതെന്നും തങ്ങളുടെ ആവശ്യം അട്ടിമറിക്കപ്പെടുമെന്ന് കരുതിയതായും ദമ്പതികള്‍ ബി.ബി.സിയോട് പറഞ്ഞു.

പിന്നാലെ ഗൂഗിളില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് 2010 ലാണ് യൂറോപ്യന്‍ കമ്മീഷനെ സമീപിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പിന്നാലെ 2010 മുതല്‍ ആരംഭിച്ച നിയമപോരാട്ടത്തിനൊടുവില്‍ 14 വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ക്ക് നീതി ലഭിക്കുന്നതെന്നും തങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ക്ക് ഇറങ്ങി തിരിച്ചതെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

ചെറുകിട കമ്പനികള്‍ക്ക് സൈറ്റില്‍ വിസിബിലിറ്റി നല്‍കുന്നതിനേക്കാള്‍ വന്‍കിട കമ്പനികള്‍ക്ക് സ്വീകാര്യത നല്‍കിയെന്ന് അന്വേഷണത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തുകയും 2.4 ബില്യണ്‍ പൗണ്ട് പിഴ ചുമത്തുകയുമായിരുന്നു.

യൂറോപ്യന്‍ കമ്മീഷന്റെ വിധി വന്നതിന് ശേഷം നടത്തിയ പ്രതികരണത്തില്‍ വിധിയില്‍ പരാമര്‍ശിച്ച പ്രശ്‌നങ്ങളെല്ലാം തിരുത്തിയതായി ഗൂഗിള്‍ അറിയിച്ചിരുന്നു. യൂറോപ്യന്‍ കമ്മീഷന്‍ ഷോപ്പിങ് തീരുമാനങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഏഴ് വര്‍ഷത്തിലേറെയായി വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.

Content Highlight: Complaint of not giving visibility to shopping website; Google fined £2.4 billion