വനിതാ കമ്മീഷനിലെ 'ഹരിത' നേതാക്കളുടെ പരാതി; അച്ചടക്കലംഘനമാണെന്ന് മുസ്‌ലിം ലീഗ്
Kerala News
വനിതാ കമ്മീഷനിലെ 'ഹരിത' നേതാക്കളുടെ പരാതി; അച്ചടക്കലംഘനമാണെന്ന് മുസ്‌ലിം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th August 2021, 9:36 pm

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശവും അധിക്ഷേപവും നടത്തിയെന്ന് കാണിച്ച് ലീഗ് വനിതാ വിദ്യാര്‍ത്ഥിനി കൂട്ടായ്മയായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ ഇരുവിഭാഗങ്ങളെയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണെന്നും ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ പരിഗണനയിലിരിക്കുകയായിരുന്നെന്നും സലാം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ.സലാം വ്യക്തമാക്കി.

എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എന്‍.എ. കരീമും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെതിരെ രംഗത്ത് എത്തി. നേരത്തെ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്ത് എത്തിയിരുന്നു.

തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് തന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും താന്‍ നിന്നുതരാമെന്നും നവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയിലെ സെലിബ്രിറ്റികളുടെ ആലയില്‍ ഇരിക്കേണ്ട ഗതികേടൊന്നും തനിക്ക് വന്നിട്ടില്ലെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണമെന്നും നവാസ് ആരോപിച്ചു.

ഈ വിഷയത്തില്‍ സംഘടനാപരമായ തീരുമാനം മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈക്കൊള്ളുമെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളം ചേര്‍ത്ത് കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണെന്നും നവാസ് ആരോപിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ചാണ് പി. കെ. നവാസ്, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ ഭാരവാഹികള്‍ പരാതി നല്‍കിയത്.

മോശം പദപ്രയോഗങ്ങള്‍ നടത്തി അപമാനിച്ചതായാണ് ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഹരിത ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ഹരിത ഭാരവാഹികള്‍ പറയുന്നു.

കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്ന പരാമര്‍ശമാണ് പരാതി നല്‍കാന്‍ കാരണമായത്.

‘എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെയാണ് ആണ്‍ നേതാക്കള്‍ ചിത്രീകരിക്കുന്നത്. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി. അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചു’, എന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ നവാസിനും അബ്ദുല്‍ വഹാബിനുമെതിരെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട പരാതിയാണ് വനിത കമ്മീഷന്‍ മുന്‍പാകെ നല്‍കിയിരിക്കുന്നത്.

ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി സംബന്ധിച്ച് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മുസ്ലിം ലീഗ് സംസ്ഥാന സമിതിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഹരിതയുടെ ഈ നടപടി ലീഗ് നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Complaint of ‘Haritha’ leaders in the Women’s Commission; Muslim League says it a breach of discipline