| Friday, 30th August 2024, 8:03 am

കോയമ്പത്തൂർ സെൻട്രൽ ജയിലിൽ മുസ്‌ലിം തടവുകാരോട് വിവേചനമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂർ: കോയമ്പത്തൂർ സെൻട്രൽ ജയിലിൽ മുസ്‌ലിം തടവുകാരോട് കടുത്ത വിവേചനമെന്ന് പരാതി. അധികൃതർ മുസ്‌ലിം തടവുകാരെ മാത്രം വേർതിരിച്ച് കാണുന്നെന്ന് തടവുകാരുടെ കുടുംബാംഗങ്ങൾ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ ജയിൽ ഡയറക്ടർ ജനറലിന് പരാതി നൽകിയിട്ടുണ്ട്.

കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയിൽ ശിക്ഷിക്കപ്പെട്ട പതിനാറോളം പ്രതികൾ ഇപ്പോഴും തടവിലാണ്. 1998ൽ കോയമ്പത്തൂരിൽ 58 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കോയമ്പത്തൂരിലെ സ്‌ഫോടന പരമ്പരയുടെ പിന്നിലെ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധിപേരെ ജയിലിലടച്ചിരുന്നു. ഇവർക്ക് പുറമെ മറ്റ് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും ഉൾപ്പെടുന്ന നിരവധി മുസ്‌ലിം തടവുകാർ അവിടെയുണ്ട്.

മറ്റ് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ ഒന്നും തന്നെ മുസ്‌ലിം തടവുകാർക്ക് ലഭ്യമാകുന്നില്ലെന്നതാണ് പരാതി. കുടുംബാംഗങ്ങളുമായി സംസാരിക്കാൻ മറ്റുള്ളവർക്ക് 30 മിനിറ്റ് ലഭിക്കുമ്പോൾ മുസ്‌ലിം തടവുകാർക്ക് വെറും പത്ത് മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. കൂടാതെ മറ്റുള്ളവർക്ക് വീട്ടിലേക്ക് ആഴ്ചയിൽ രണ്ട് തവണ വിളിക്കാൻ അനുവാദമുണ്ട് എന്നാൽ മുസ്‌ലിം തടവുകാർക്കാകട്ടെ ഒരു തവണ മാത്രമേ സാധിക്കുകയുള്ളു.

ഇവ കൂടാതെ ജയിലിലെ കായിക വിനോദങ്ങളിൽ നിന്നും ഇവരെ മാറ്റി നിർത്തുന്നുണ്ട്. ബാറ്റ്മിന്റൺ, വോളിബോൾ തുടങ്ങിയ കായിക വിനോദങ്ങളിൽ പങ്കെടുക്കാൻ മുസ്‌ലിം തടവുകാർക്ക് അനുവാദമില്ലെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ പുസ്തകങ്ങളും നോട്ടുബുക്കുകളും ഇവർക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ജയിലിലെ നല്ല നടപ്പ് കണക്കിലെടുത്ത് തടവുകാരെ ജയിൽ മോചിതരാക്കുന്നതിലും വലിയ അവഗണന ഇവർ നേരിടുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. കോയമ്പത്തൂർ കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് അലി കാൽ നൂറ്റാണ്ടോളമായി ഇപ്പോഴും ജയിലിലാണ്. അലി മാത്രമല്ല മറ്റ് 16 മുസ്‌ലിം തടവുകാരും പതിറ്റാണ്ടുകളായി തടവിൽ കഴിയുകയുയാണ്. എന്നാൽ ഇവർക്ക് ശിക്ഷ ഇളവ് നൽകുന്നതിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല.

കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്ന് വർഷങ്ങളായി പല രാഷ്ട്രീയ സംഘടനകളും ഭരണകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. ജയിലിലെ എല്ലാ തടവുകാർക്കും തുല്യ പരിഗണന ഉറപ്പ് വരുത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ജയിലിൽ വിവേചനം നിലനിൽക്കുന്നു എന്ന പരാതി കോയമ്പത്തൂർ ജയിൽ അധികൃതർ തള്ളി.

Content Highlight: Complaint of discrimination against Muslim prisoners in Coimbatore Central Jail

We use cookies to give you the best possible experience. Learn more