| Saturday, 27th January 2024, 8:26 am

റിപ്പബ്ലിക് ദിനാഘോഷം; കേരള ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിച്ച നാടകത്തിനെതിരെ ബി.ജെ.പി സംഘടനയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കേരള ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിച്ച നാടകത്തിനെതിരെ പരാതി. നാടകത്തില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ‘വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ’ എന്ന പേരില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ ബി.ജെ.പി സംഘടനയായ അഭിഭാഷക പരിഷത്താണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ ശനിയാഴ്ച അന്വേഷണം ആരംഭിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് തന്നെ രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സസ്പെന്റ് ചെയ്തിരുന്നു. നാടകത്തിന്റെ രചയിതാവായ ഹൈക്കോടതിയിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എ. സുധീഷ് എന്നിവരെയാണ് ചീഫ് ജസ്റ്റിസ് സസ്പെന്റ് ചെയ്തത്.

നാടകത്തിലുടനീളം അവതാരകര്‍ പ്രധാനമന്ത്രിയെയും മോദി നല്‍കിയ വാഗ്ദാനങ്ങളെയും അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തതായാണ് അഭിഭാഷക പരിഷത്ത് പറയുന്നത്.

വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷക പരിഷത്ത് പരാതി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നരേന്ദ്ര മോദിയുടെ ശൈലിയെയും അദ്ദേത്തിന്റെ പ്രസംഗത്തെയും അതേ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെയും പ്രധാനമന്ത്രി സ്ഥാനത്തേയും കളിയാക്കുകയാണ് നാടകം ചെയ്തതെന്ന് പരാതിയില്‍ ബി.ജെ.പി സംഘടന പറയുന്നു. ഒരു മണിക്കൂറോളം ഉള്ള നാടകത്തില്‍ ഒമ്പത് മിനിറ്റും നരേന്ദ്ര മോദിയെ കളിയാക്കിക്കൊണ്ടുള്ള അവതരണമായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ അവതാരകര്‍ അവഹേളിച്ചുവെന്നും സംഘടന വാദിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂരില്‍ എത്തിയ പ്രധാനമന്ത്രി ‘എന്റെ ഗ്യാരന്റി, മോദി ഗ്യാരന്റി’ എന്ന് തുടര്‍ച്ചയായി പറയുകയുണ്ടായി. അന്നേദിവസം ഈ വാക്കുകള്‍ ആവർത്തിച്ചുകൊണ്ട് മോദി നിരവധി വാഗ്ദാനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ നാടകത്തില്‍ പ്രധാനമന്ത്രിയായി അഭിനയിച്ച വ്യക്തി ഇതിനെ പരിഹസിച്ചുകൊണ്ട് അവതരണം നടത്തിയെന്നും അഭിഭാഷക പരിഷത്ത് പറഞ്ഞു.

Content Highlight: Complaint of BJP organization against the drama shown in Kerala High Court

We use cookies to give you the best possible experience. Learn more