മുംബൈ: നടിയും മോഡലുമായ ഉര്‍ഫി ജാവേദിനെതിരെ ബി.ജെ.പി നേതാവിന്റെ പരാതി. മഹാരാഷ്ട്ര മഹിള മോര്‍ച്ച നേതാവ് ചിത്ര കിഷോര്‍ വാഗ് ആണ് ഉര്‍ഫിക്കെതിരെ പരാതി നല്‍കിയത്. മുംബൈയിലെ തെരുവിലൂടെ ഉര്‍ഫി ശരീരം പ്രദര്‍ശിപ്പിച്ചു നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ ശരീര പ്രദര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമെന്നും ചിത്ര കിഷോര്‍ പരാതിയില്‍ ആരോപിച്ചു.
‘ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുമെന്ന് ആരും കരുതിക്കാണില്ല. ഈ നടി ജീവിതത്തില്‍ ചെയ്യുന്നതില്‍ സമൂഹത്തിന് ഒന്നും ചെയ്യാനില്ല. അവര്‍ക്ക് ശരീരം പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ അത് നാല് ചുവരിനുള്ളിലാവണം. സമൂഹത്തിന്റെ വികൃതമായ മനോഭാവത്തിന് ഇന്ധനം പകരുകയാണെന്ന കാര്യം അവര്‍ മറക്കുന്നു,’ പരാതിയില്‍ പറയുന്നു.
ഞായറാഴ്ച അഭിഭാഷകനായ അലി കാഷിഫ്ഖാന്‍ ദേശ്മുഖും ഉര്‍ഫിക്കെതിരെ പരാതി നല്‍കിയിരുന്നു. രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുക്കാമെങ്കില്‍ ഉര്‍പിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും അലി കാഷിഫ് ഖാന്‍ പറഞ്ഞു.
‘നടി ഉര്‍ഫി ജാവേദ് പൊതുസ്ഥലത്ത് ചെയ്യുന്നത് ഐ.പി.സി 294 പ്രകാരം അശ്ലീമല്ലെങ്കില്‍ പിന്നെ എന്താണ്? സമാനമായ പ്രവര്‍ത്തിക്ക് രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുക്കാമെങ്കില്‍ പിന്നെ ഇവര്‍ക്കെതിരെ എടുക്കാത്തത് എന്തുകൊണ്ടാണ്. മുംബൈ പൊലീസ്, ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കേണ്ടത് ഞങ്ങളുടെ ജോലിയല്ല,’ അലി കാഷിഫ് ഖാന്‍ ട്വീറ്റ് ചെയ്തു.
രാഷ്ട്രീയക്കാര്‍ക്ക് എന്താണ് പണി എന്നാണ് പരാതികളോട് ഉര്‍ഫി പ്രതികരിച്ചത്. ‘ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണോ അഭിഭാഷകരാണോ അതോ വിഡ്ഢികളാണോ? എന്നെ ജയിലിലടക്കാനുള്ള ഒരു നിയമവും ഭരണഘടനയിലില്ല. ഇവര്‍ മാധ്യമശ്രദ്ധ കിട്ടാനായാണ് ഇതൊക്കെ ചെയ്യുന്നത്,’ ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Content Highlight: Complaint of BJP leader against actress and model Urfi Javed