ന്യൂദല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി.
ഭോപ്പാലിലെ ജഹാംഗിരാബാദ് പോലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ പവന്‍ കുമാറാണ് പരാതി നല്‍കിയത്. ‘സുപ്രീം കോടതി ദാനമായി നല്‍കുന്ന അഞ്ചേക്കര്‍ ഭൂമി വാങ്ങരുതെന്ന’ ഉവൈസിയുടെ പ്രസ്താവന ഒരു വിഭാഗം ജനങ്ങളെ അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിയും അയോധ്യയിലെ മറ്റൊരിടത്ത് മുസ് ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്നുമുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു ഉവൈസിയുടെ പ്രസ്താവന.
‘മുസ്‌ലീങ്ങള്‍ ദരിദ്രരാണ്, പക്ഷേ 5 ഏക്കര്‍ സ്ഥലം വാങ്ങാനും പള്ളി പണിയാനും ഞങ്ങള്‍ക്ക് പണം ശേഖരിക്കാന്‍ കഴിയും. നിങ്ങളുടെ ദാനം ഞങ്ങള്‍ക്ക് ആവശ്യമില്ല, അഞ്ചേക്കര്‍ ഭൂമിക്ക് വേണ്ടിയായിരുന്നില്ല പോരാട്ടം മറിച്ച് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്’- എന്നായിരുന്നു ഉവൈസി പറഞ്ഞത്.