| Friday, 7th April 2023, 6:14 pm

ബിഗ് ബോസില്‍ മധുവിനെതിരായ അധിക്ഷേപം; അഖില്‍ മാരാര്‍ക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഷണം ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ആദിവാസി യുവാവ് മധുവിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതി. സമൂഹിക സംഘടനയായ ദിശയാണ് പൊലീസ്, എസ്.സി- എസ്.ടി കമ്മീഷന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ്ങ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയിലെ പരാമര്‍ശത്തിനെതിരെയാണ് ദിശയുടെ ലീഗല്‍ വിങ്ങ് പരാതി നല്‍കിയത്. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ടെന്ന് ദിശയുടെ അധ്യക്ഷന് ദിനു വെയില്‍ പറഞ്ഞു.

വിദ്വേഷ പ്രചരണത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അഖിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പരാതി ഉയരുന്നത്.

ബിഗ് ബോസില്‍ സിനിമയിലെ പ്രശസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടാസ്‌കിനിടയിലാണ് അഖിലിന്റെ പരാമര്‍ശം. മീശമാധവനായി ഒരുങ്ങിനില്‍ക്കുന്ന സാഗര്‍ സൂര്യയോട് ‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്നായിരുന്നു അഖില്‍ തമാശയായി പറഞ്ഞത്. ഇത് കേട്ട് ചില മത്സരാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം.

നേരത്തെയും അഖിലിന്റെ ബിഗ് ബോസിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സ്ത്രീകള്‍ ശാരീരികമായി ദുര്‍ബലരായതുകൊണ്ടാണ് ഭരണ ഘടനയില്‍ അവര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ ചേര്‍ത്തിരിക്കുന്നത് എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

Content Highlight: complaint has been filed against director Akhil Marar for making abusive remarks against tribal youth Madhu

Latest Stories

We use cookies to give you the best possible experience. Learn more