വ്യാജ ഒസ്യത്ത് ഉപയോഗിച്ച് റിട്ടയേര്‍ഡ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതായി പരാതി; ടി സിദ്ദീഖ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം
താമരശ്ശേരി: വ്യാജ ഒസ്യത്ത് ഉപയോഗിച്ച് റിട്ടയേര്‍ഡ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതായുള്ള പരാതിയില്‍ ടി.സിദ്ധിഖ് അടക്കമുള്ള കേണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുഖ്യ മന്ത്രി പിണറായി വിജയന് ലഭിച്ച പരാതി താമരശേരി ഡി. വൈ. എസ്. പി ക്ക് കൈ മാറി. റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റ് ലിങ്കണ്‍ എബ്രഹാമിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തു വെന്നാണ് പരാതി.ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ട് നിന്നെന്നും പരാതിയില്‍ ഉണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി. ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയ 27 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വ്യാജ ഒസ്യത് ഉണ്ടാക്കി ലിങ്കന്‍ എബ്രഹാമിന്റെ സഹോദരന്‍ ഫിലോമിന്‍ എബ്രഹാം കൈക്കാലാക്കിയെന്നും ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ സഹായം നല്‍കിയെന്നും പ്രതിഫലമായി കോടികള്‍ വില മതിക്കുന്ന ഭൂമി എഴുതി വാങ്ങിയെന്നുമാണ് പരാതി.
വ്യജ ഒസ്യത്ത് പ്രകാരം ട്രസ്റ്റിന് നല്‍കിയ ഭൂമി സ്വന്തമാക്കാന്‍ ഫിലോമിന്‍ എബ്രഹാമിനെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്, എം.കെ അബ്ദുല്‍ റഹ്മാന്‍, ഡി. സി. സി സെക്രട്ടറി ഹബീബ് തമ്പി എന്നിവര്‍ വഴിവിട്ട് സഹായിച്ചെന്നാണ് പരാതി.
കുട്ടികള്‍ ഇല്ലാത്ത ലിങ്കന്‍ അബ്രഹാമിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് തന്റെ പേരിലുള്ള സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുകള്‍ എഴുതിവെക്കുകയായിരുന്നു.
ഇത് പ്രകാരം ലിങ്കന്‍ എബ്രഹാമിന്റെ സഹോദരന്‍ ഫിലോമന്‍ ഏബ്രഹാം, ഭാര്യ സഹോദരിയുടെ മകള്‍ ജീന്‍ അര്‍ജ്ജുന്‍ കുമാര്‍, ഭര്‍ത്താവ് ജീന്‍ അര്‍ജ്ജുന്‍ കുമാര്‍, ബന്ധു സണ്ണി സോളമന്‍, തോട്ടം തൊഴിലാളിയായിരുന്ന എം.ടി ഭാനുമതി എന്നിവരായിരുന്നു ട്രസ്റ്റിലെ അംഗങ്ങള്‍. 2008 ലായിരുന്നു ഈ ഒസ്യത്ത് രജിസ്റ്റര്‍ ചെയ്തത്.
2011 ല്‍ ലിങ്കന്‍ എബ്രഹാം മരണപ്പെടുകയും ചെയ്തു. തുടര്‍ ഒസ്യത്ത് പ്രകാരം ട്രസ്റ്റ് നിലവില്‍ വരികയും മുഖ്യ ട്രസ്റ്റിയായ ജീനിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ 2010 നവംബര്‍ എട്ടിന് താമരശേരി ടൗണ്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒസ്യത്ത് പ്രകാരം 565.0623 ആര്‍ ഭൂമി ലിങ്കണ്‍ ഏബ്രഹാമിന്റെ മരണശേഷം തനിക്ക് അവകാശപ്പെട്ടതാണ് എന്ന് അവകാശപ്പെട്ട് കൊണ്ട് സഹോദരന്‍ ഫിലോമന്‍ ഏബ്രഹാം രംഗത്ത് എത്തുകയായിരുന്നു.
തുടര്‍ന്ന് ഫിലോമെന്‍ ഏബ്രഹാം ഒസ്യത്തു മാറ്റിത്തയ്യാറാക്കി എന്നും ട്രസ്റ്റിനു ലഭിക്കേണ്ട സ്വത്ത് തട്ടിയെടുത്തുവെന്നും ആരോപിച്ച് കെ എം ഏബ്രഹാം ട്രസ്റ്റ് ഭാരവാഹികളായ എന്നിവര്‍ 2015ല്‍ താമരശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ കേസ് പിന്‍ വലിപ്പിച്ച് ഒത്തു തീര്‍പ്പാക്കുകയും പ്രത്യുപകാരമെന്ന നിലയില്‍ ഭൂമി സ്വന്തമാക്കുകയും ചെയ്തു എന്നുമാണ് ആരോപണം.
അതേ സമയം ട്രസ്റ്റിന് ഭൂമി കൈമാറുന്ന ഒസ്യത്തില്‍ ലിങ്കണ്‍ എബ്രഹാമിന്റെ കൈയൊപ്പുണ്ട്. എന്നാല്‍ സഹോദരന്‍ ഫിലോമിന്‍ സമര്‍പ്പിച്ച ഒസ്യത്തില്‍ ലിങ്കണ്‍ എബ്രഹാമിന്റെ വിരല്‍ അടയാളമാണ് ഉണ്ടായിരുന്നത്.
തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം നേതാവ് എ എച്ച് ഹഫീസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വ്യജ ഒസ്യത്ത് പ്രകാരം ട്രസ്റ്റിന് നല്‍കിയ ഭൂമി സ്വന്തമാക്കാന്‍ ഫിലോമിന്‍ എബ്രഹാമിനെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്, എം.കെ അബ്ദുല്‍ റഹ്മാന്‍, ഡി.സി.സി സെക്രട്ടറി ഹബീബ് തമ്പി എന്നിവര്‍ വഴിവിട്ട് സഹായിച്ചെന്നാണ് പറയുന്നത്.
ഇത് തെളിയിക്കുന്നതിനായി 27 ഏക്കല്‍ ഭൂമിയില്‍ നിന്നും ഒരു ഏക്കര്‍ ഭൂമി ടി.സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ എഴുതി നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ടിട്ടുണ്ട്. കുടാതെ മുമ്പ് ട്രസ്റ്റ് മെമ്പേഴ്സ് പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്തു വന്നിട്ടുണ്ട്.
എന്നാല്‍ പരാതി അടിസ്ഥാന രഹിത മാണെന്നാണ് ടി. സിദ്ദിഖ് പറയുന്നത്. തന്‍റെ സുഹൃത്തിന്‍റെ കുടുംബത്തില്‍ ഉള്ള സ്വത്ത് തര്‍ക്കത്തില്‍ താന്‍ ഇടപെടുകയാണ് ഉണ്ടായതെന്നും തനിക്കെതിരെ വ്യാജ ആരോപണമാണ് ഉണ്ടായതെന്നും സിദ്ദിഖ് പറയുന്നു. പരാതിക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.