| Wednesday, 18th December 2024, 12:03 pm

മുനമ്പത്തെ വഖഫ് ഭൂമി അനധികൃതമായി വിറ്റ കേസില്‍ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയ കേസില്‍ കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ നിയമനടപടികള്‍ ആരംഭിച്ചു. വഞ്ചനാകുറ്റപ്രകാരം ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയിലെ രണ്ടംഗങ്ങളാണ് ഏറണാകുളം റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

മുനമ്പത്തെ വഖഫ് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതോടെ മുസ്‌ലിം സമുദായത്തിന്‍ ഉന്നമനവും വളര്‍ച്ചയും തടസപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ഈ അനധികൃത കൈമാറ്റം കാരണം വഖഫ് ബോര്‍ഡിനും അതിന്റെ നിരവധി ഉപഭോക്താകള്‍ക്കും പരാതിക്കാര്‍ക്കും കോടികളുടെ നഷ്ടം ഉണ്ടായതായും പരാതിയില്‍ പരാമര്‍ശമുണ്ട്.

ഫാറൂഖ് കോളേജിന്റെ മാനേജ്‌മെ്ന്റ് കമ്മിറ്റിക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സിദ്ദിഖ് സേട്ട് എന്നയാള്‍ വഖഫ് ആയി രജിസ്റ്റര്‍ ചെയ്ത നല്‍കിയിട്ടുള്ളതാണ് മുനമ്പത്തെ ഭൂമി. കോളേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ഖാന്‍ ബഹുദൂര്‍ പി.കെ. ഉണ്ണികമ്മു സാഹിബിന് ഇടപ്പള്ളി സബ് രജിസ്റ്റര്‍ ഓഫീസില്‍ 2015/1950 നമ്പറിലായാണ് ഭൂമി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

എന്നാല്‍ പിന്നീട് ചില പ്രദേശവാസികള്‍ ആ ഭൂമി കൈയേറാന്‍ ശ്രമിച്ചു. ഈ കൈയേറ്റത്തിനെതിരെ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പറവൂര്‍ സബ്‌കോടതിയെ സമീപിച്ചതോടെ കൈയേറ്റക്കാരോട് ഒഴിഞ്ഞുപോകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സബ്‌കോടതിയുടെ ഈ ഉത്തരവിനെതിരെ കൈയേറ്റക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി അപ്പീല്‍ തള്ളി.

എന്നാല്‍ അതിനുശേഷം വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നിയമവിരുദ്ധമായി ഫാറൂഖ് കോളജ് അധികൃതര്‍ അഡ്വ. എം.പി. പോളിനെ റിസീവറാക്കി നിയമിച്ച് 1998ല്‍ മുനമ്പത്തെ വഖഫ് ഭൂമിയുടെ ഭൂരിഭാഗവും വില്‍പന നടത്തിയെന്നും പരാതിക്കാര്‍ പറയുന്നു.

ഇതെല്ലാം വഖഫ് ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ് നടന്നത്. പിന്നീട് ഈ പ്രദേശം വിലയ്ക്ക് വാങ്ങിയ ആളുകള്‍ ഇവിടെ റിസോര്‍ട്ടുകള്‍, ബാറുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ സ്ഥാപിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പരാതിയില്‍ പറയുന്നു.

ബി.എന്‍.എസിലെ സെക്ഷന്‍ 61, 316(5), 318(4), 336(3),വഖഫ് ആക്ട് 1954, 1995, രജിസ്‌ട്രേഷന്‍ ആക്ട് 1900ന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം പരാതി രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വടക്കന്‍ പറവൂര്‍ മന്നം സ്വദേശികളായ എ.എം. സുന്നജന്‍, കുറുപ്പം വീട്ടില്‍ മുഹമ്മദ് അമാനുള്ള എന്നിവരാണ് പരാതി നല്‍കിയത്.

Content Highlight: complaint  filed against the Farooq college management in the case of illegal sale of Waqf land in Munambam

We use cookies to give you the best possible experience. Learn more