| Monday, 3rd December 2012, 12:50 am

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഭാര്യയ്‌ക്കൊപ്പം പോയതിന് സഞ്ജീവ് ഭട്ടിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നോ: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഗുജറാത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യയ്‌ക്കൊപ്പം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഭട്ട് പോയതാണ് പരാതിക്ക് കാരണം.

സഞ്ജീവ് ഭട്ടിന്റെ പ്രവര്‍ത്തി സര്‍വ്വീസ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്‌നോ സ്വദേശിനിയായ സാമൂഹ്യപ്രവര്‍ത്തക നൂതന്‍ ഠാക്കൂര്‍ പരാതി നല്‍കിയത്.[]

വിവിധ വകുപ്പുകള്‍ പ്രകാരം ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഭട്ട് ചെയ്തിരിക്കുന്നതെന്ന് നൂതന്‍ ഠാക്കൂര്‍ ആരോപിച്ചു.

1968 ലെ ഐ.എ.എസ് ഐ.പി.എസ് ആക്ട് പ്രകാരം രാഷ്ട്രീയപ്രവര്‍ത്തകരെ സഹായിക്കുകയോ വോട്ട് അഭ്യര്‍ത്ഥിക്കുകയോ ചെയ്യുന്നത് ചട്ടലംഘനമാണ്. ഇത്തരം ലംഘനം ഒരാള്‍ നടത്തുന്നത് വ്യക്തമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആഭ്യന്തര മന്ത്രാലയവും ഭട്ടിനെതിരെ ക്രിമിനില്‍ കേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഠാക്കൂര്‍ ആവശ്യപ്പെട്ടു.

സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് മോഡിക്കെതിരെ മണിനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു.

ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപം പടര്‍ന്നതില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയത്.

ഗോധ്ര കലാപത്തില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടി മോഡി വൈകിപ്പിച്ചു എന്നായിരുന്നു സഞ്ജീവ് ഭട്ട് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നത്.

കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് മോഡി  മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് മീറ്റിംഗില്‍ നിര്‍ദേശിച്ചിരുന്നു എന്ന് കാട്ടി നേരത്തെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ് മൂലവും നല്‍കിയിരുന്നു.

കലാപം നടന്ന സമയത്ത് ഗാന്ധിനഗറിലെ സ്‌റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട്. ഗോധ്രയില്‍ കാര്‍സേവകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി കത്തിച്ച സംഭവം നടന്ന ഫിബ്രവരി 27ന് വൈകിട്ട് ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തിരിച്ചടിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഇതേ തുടര്‍ന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി രേഖപ്പെടുത്തിയെന്ന ആരോപണത്തില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

We use cookies to give you the best possible experience. Learn more