| Monday, 13th June 2022, 8:44 pm

53,000ലധികം കോടി രൂപ സ്വരൂപിച്ച് തട്ടിപ്പ് നടത്തി; എച്ച്.ആര്‍.ഡി.എസിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന സംഘപരിവാര്‍ അനുകൂല സ്ഥാപനമായ എച്ച്.ആര്‍.ഡി.എസിനെതിരെ (ദ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി) ഗുരുതര പരാതി.

ഐ.എന്‍.എല്ലിന്റെ കേരള സ്റ്റേറ്റ് കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഒപ്പം ഡി.ജി.പിക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.

എച്ച്.ആര്‍.ഡി.എസ് എന്ന് എന്‍.ജി.ഒയുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ആദിവാസി – വനവാസികള്‍ക്കായി 10 കോടി വീടുകള്‍ നിര്‍മിച്ച് നല്‍കാനായി 53,000ലധികം കോടി രൂപയുടെ സി.എസ്.ആര്‍ ഫണ്ടുകള്‍ എച്ച്.ആര്‍.ഡി.എസ് ഇന്ത്യ സ്വരൂപിച്ചിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

ആദിവാസികള്‍ക്കായുള്ള വീട് നിര്‍മാണ പദ്ധതികളുടെ മറവില്‍ വനഭൂമി കയ്യേറി നിര്‍മാണം നടത്തി, ഗുണനിലവാരമില്ലാത്ത വീടുകള്‍ നിര്‍മിച്ച് അഴിമതി നടത്തി, ആദിവാസികളെ വഞ്ചിച്ചു, വന്യജീവി സംരക്ഷണ നിയമം, ആദിവാസി നിയമം, വനഭൂമി നിയമങ്ങള്‍ എന്നിവ ലംഘിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പരാതിയില്‍ എച്ച്.ആര്‍.ഡി.എസിനെതിരെ ആരോപിച്ചിരിക്കുന്നത്.

ശക്തമായ അന്വേഷണം നടത്തി, എച്ച്.ആര്‍.ഡി.എസിന്റെ മറവില്‍ നടക്കുന്ന അഴിമതികളും തട്ടിപ്പുകളും പുറത്ത് കൊണ്ടുവരണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആദിവാസികളുടെ പട്ടയഭൂമി കയ്യേറി കുടിലുകള്‍ തീവെച്ച് നശിപ്പിച്ചുവെന്ന അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയില്‍ എച്ച്.ആര്‍.ഡി.എസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.സി- എസ് ടി കമ്മീഷനാണ് ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതി അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Complaint filed against NGO HRDS on financial fraud and corruption, to CM

We use cookies to give you the best possible experience. Learn more