ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ചദ്ദക്കെതിരെയും തപ്‌സി പന്നു ചിത്രം സബാഷ് മിതുവിനെതിരെയും പരാതി. ഭിന്നശേഷിക്കാരായ കുട്ടികളെ അപമാനിക്കുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ഡോക്ടേഴ്‌സ് വിത്ത് ഡിസബിലിറ്റീസ് (Doctors with Disabilities) സംഘടനയുടെ സഹസ്ഥാപകന്‍ ഡോ. സതേന്ദ്ര സിങാണ് പരാതി നല്‍കിയിരിക്കുന്നത്. 70 ശതമാനം ലോകൊമോട്ടോര്‍ ഡിസബിലിറ്റി (locomotor disability) നേരിടുന്നയാള്‍ കൂടിയാണ് ഇദ്ദേഹം.
കോര്‍ട്ട് ഓഫ് ദ കമ്മീഷണര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസിലാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. 2016ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ടിന്റെ ലംഘനമാണ് രണ്ട് സിനിമകളും ചെയ്തിരിക്കുന്നതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
മുടന്തന്‍ എന്ന രീതിയില്‍ ലാങ്ക്‌ഡെ / ലാങ്ക്ഡി (Crippled) എന്ന പദ പ്രയോഗം ലാല്‍ സിങ് ചദ്ദയിലും സബാഷ് മിതുവിലും ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ഭിന്നശേഷിയെ പരാമര്‍ശിക്കുന്നതിനല്ല മറിച്ച് അത്തരം അവസ്ഥകള്‍ നേരിടുന്നവരെ അപമാനിക്കാനാണ് ഉപയോഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
ലാല്‍ സിങ് ഛദ്ദയില്‍ ആമിര്‍ ഖാന്റെ കഥാപാത്രത്തെ ഒരു കൂട്ടമാളുകള്‍ ബുള്ളി ചെയ്യുന്നതായുള്ള സീനിലായിരുന്നു ലാങ്ക്‌ഡെ എന്ന് വിളിച്ചുകൊണ്ടുള്ള കമന്റ്.
ഇന്ത്യന്‍ സൈന്യത്തെയും ഹിന്ദു വൈകാരികതയെയും അപമാനിച്ചുകൊണ്ട് സിനിമയില്‍ സംസാരിച്ചു എന്നാരോപിച്ച് നേരത്തെ സിനിമക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
ബോയ്‌കോട്ട് ലാല്‍ സിങ് ചദ്ദ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാല്‍ സിങ് ചദ്ദ ഓഗസ്റ്റ് 11നായിരുന്നു റിലീസ് ചെയ്തത്. കരീന കപൂര്‍, നാഗചൈതന്യ, മോന സിങ് എന്നിവരാണ് ലാല്‍ സിങ് ചദ്ദയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായ മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സബാഷ് മിതു എന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിനെതിരെയും സമാനമായ പരാതിയുണ്ട്.
അതേസമയം, ഭിന്നശേഷിക്കാരായ ആളുകളെ അപമാനിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് പ്രസ്തുത പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും ഈ ഡയലോഗുകളെ ചിത്രങ്ങള്‍ ഒരിക്കലും ഗ്ലോറിഫൈ ചെയ്യുന്നില്ല എന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജൂലൈ 15ന് റിലീസ് ചെയ്ത സബാഷ് മിതുവിലെം ഒരു ഗാനരംഗത്തിലാണ് ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പരാമര്‍ശമുള്ളത്.
Content Highlight: Complaint filed against Laal Singh Chaddha and Shabaash Mithu