| Tuesday, 17th September 2019, 10:02 pm

കൈയ്യില്‍ കോടാലി പിടിച്ച് ബി.ജെ.പി പ്രവര്‍ത്തകനോട് 'കഴുത്ത് വെട്ടും' എന്നു ഭീഷണി; ഹരിയാന മുഖ്യമന്ത്രിക്കെതിരെ ലോക്ദള്‍ നേതാവിന്റെ പരാതി- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകന്റെ കഴുത്ത് വെട്ടുമെന്നു ഭീഷണി മുഴക്കിയതിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പരാതി. ലോക്ദള്‍ സംസ്ഥാനാധ്യക്ഷന്‍ പ്രദീപ് ഹൂഡയാണ് പൊലീസില്‍ പരാതി നല്‍കിയത്.

കൈയ്യില്‍ കോടാലിയും പിടിച്ച് ബി.ജെ.പി പ്രവര്‍ത്തകനോട് തല വെട്ടുമെന്നു ഭീഷണി മുഴക്കി നില്‍ക്കുന്ന ഖട്ടറിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നായിരുന്നു ഹൂഡയുടെ പരാതി.

അടിയന്തരമായി ഖട്ടറിനെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ അതു കഴിയുന്നതുവരെ ഖട്ടറിനെ ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം.

പൊലീസിനു പുറമേ ഗവര്‍ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതിയുടെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് വിസ്സമതിച്ചതിനെത്തുടര്‍ന്ന് ഹൂഡ പൊലീസ് സ്റ്റേഷനു പുറത്ത് ധര്‍ണയിരുന്നു പ്രതിഷേധിച്ചിരുന്നു.

പരാതിയോടൊപ്പം സംഭവത്തിന്റെ വീഡിയോയും ഹൂഡ പൊലീസിനു കൈമാറിയിട്ടുണ്ട്. ഖട്ടര്‍ സാധാരണക്കാരനായിരുന്നെങ്കില്‍ താനിതു കാര്യമാക്കില്ലായിരുന്നുവെന്നും പക്ഷേ സംസ്ഥാനത്തെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നയാളാണു ഭീഷണി മുഴക്കിയതെന്നും ഹൂഡ പറഞ്ഞു.

തെരഞ്ഞെടുപ്പ് അന്തരീക്ഷം തുടങ്ങിയതോടെ ഖട്ടറിനു ചുറ്റും പാര്‍ട്ടിപ്രവര്‍ത്തകര്‍ നിറയാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖട്ടറിന്റെ അക്രമസ്വഭാവം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സ്വാധീനിക്കാനിടയുണ്ടെന്നും ഹൂഡ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ ആശയത്തില്‍ വിശ്വസിക്കാത്ത സാധാരണക്കാരെപ്പോലും ഇതു സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന ജന്‍ ആശീര്‍വാദ് യാത്രയ്ക്കിടെയാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്.

വാഹനത്തിനു മുകളില്‍ നിന്നു സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനിടെ അടുത്തുണ്ടായിരുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് കോടാലി പോലത്തെ ഒരു ആയുധം നല്‍കുന്നതു ദൃശ്യങ്ങളില്‍ക്കാണാം.

അതിനിടെ ഖട്ടറിന്റെ പിറകില്‍ നിന്ന ഒരാള്‍ ഒരു വെള്ളിക്കിരീടം അദ്ദേഹത്തിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിനു കാരണം. ഉടന്‍തന്നെ തിരിഞ്ഞുനിന്ന് ‘തന്റെ കഴുത്ത് ഞാന്‍ വെട്ടും’ എന്നു രോഷാകുലനായി ഖട്ടര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

തുടര്‍ന്ന് കൂപ്പുകൈയ്യോടെ ഇയാള്‍ ഖട്ടറിനോടു മാപ്പ് ചോദിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദേഷ്യവും അഹങ്കാരവും ആരോഗ്യത്തിനു നല്ലതല്ലെന്ന കുറിപ്പോടെയായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് ഈ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്.

ഒരു നേതാവിനോട് ഇങ്ങനെ പറഞ്ഞ ഒരാള്‍ നാളെ ജനങ്ങളോട് ഇതു ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ വിമര്‍ശനം.

തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഖട്ടര്‍ തന്നെ രംഗത്തെത്തിയിരുന്നു. അദ്ദേഹമൊരു മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സംഭവത്തില്‍ സങ്കടമൊന്നും അദ്ദേഹത്തിനു തോന്നിയിട്ടില്ലെന്നും ഖട്ടര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more