കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അപ്രത്യക്ഷമായി; പരാതി കാണാതായത് തുടര്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയ ശേഷം
Governance and corruption
കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അപ്രത്യക്ഷമായി; പരാതി കാണാതായത് തുടര്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയ ശേഷം
മുഹമ്മദ് ഫാസില്‍
Tuesday, 30th October 2018, 4:18 pm

കഞ്ചിക്കോട്: കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഡാമില്‍ നിന്നും വെള്ളം ചോര്‍ത്തുന്നതിനെ സംബന്ധിച്ച് നല്‍കിയ പരാതി അപ്രത്യക്ഷമായി.

കര്‍ഷക പ്രതിനിധിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ബോബന്‍ മാട്ടുമന്ത 2017 ഒക്ടോബര്‍ 6 നല്‍കിയ പരാതിയാണ് കാണാതായത്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് അദ്ദേഹം പരാതി നല്‍കിയത്.

പരാതി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് സമയബന്ധിതമായി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിന്മേലുള്ള തുടര്‍നടപടികള്‍ അന്വേഷിച്ച് ഈ വര്‍ഷം ജൂണ്‍ 20ന് വിവരാവകാശ അപേക്ഷ നല്‍കിയപ്പോള്‍ ബന്ധപ്പെട്ട ഓഫീസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് ഇദ്ദേഹത്തിന് ലഭിച്ച് മറുപടി.


മുസ്‌ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും; ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി മന്ത്രി


“നല്‍കിയ പരാതി ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു തന്നെ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയാല്‍ അത് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറുകയും ഇത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.

2017 ഒക്ടോബറില്‍ നല്‍കിയ പരാതി അപ്പോള്‍ തന്നെ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. പിന്നീട് 2018 ജൂണില്‍ ഈ പരാതിയിന്മേലുള്ള തുടര്‍നടപടികളെക്കുറിച്ച് അന്വഷിച്ച് ഒരു വിവരാവകാശ അപേക്ഷയും മുഖ്യമന്ത്രി ഓഫീസിലേക്ക് നല്‍കി.

വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അപേക്ഷ ജലവിഭവ വകുപ്പിന് കൈമാറി. ജലവിഭവ വകുപ്പ് കോഴിക്കോട് പദ്ധതി വിഭാഗം ചീഫ് എഞ്ചിനിയര്‍ക്കും, ചീഫ് എഞ്ചിനിയര്‍ ശിരുവാണി സര്‍ക്കിളിലേക്കും അവിടെ നിന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷനും കൈമാറി. എന്നാല്‍ എഴുപത് ദിവസത്തിനുശേഷവും മലമ്പുഴ ഇറിഗേഷന്‍ ഡിവിഷനില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇറിഗേഷന്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്ക് അത്തരം ഒരു പരാതി ലഭിച്ചിട്ടില്ല എന്ന മറുപടി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ പരാതിയാണ് തല്‍പരകക്ഷികള്‍ മുക്കിയതെന്നോര്‍ക്കണം ബോബന്‍”- ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രി മുഖേന ലഭിച്ച പരാതി നഷ്ടപ്പെട്ടാല്‍ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്യാസം നഷ്ടപ്പെടുമെന്നും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അപ്രാപ്യമായാല്‍ അത് ജനാധിപത്യവ്യവസ്ഥിതിയെ തകര്‍ക്കുമെന്നും ബോബന്‍ പറഞ്ഞു. പരാതി കാണാതായ സംഭവത്തില്‍ വിജിലന്‍സിനെ സമീപിക്കുമെന്നും എന്നാല്‍ അന്വേഷണം കഴിയുമ്പോഴേക്കും പദ്ധതി നിലവില്‍ വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പരാതികള്‍ അഭിമുഖീകരിക്കുന്നതില്‍ കാലതാമസം സൃഷ്ടിച്ച് ജനകീയ സമരങ്ങളെ ഇല്ലാതാക്കാനാണ് തല്‍പരകക്ഷികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം തങ്ങള്‍ക്ക് ലഭിച്ച പരാതികളെല്ലാം തന്നെ പരിശോധിച്ച് മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു മലമ്പുഴ ജല അതോറിറ്റി ഓഫീസ് അധികൃതരുടെ പ്രതികരണം.

വെള്ളപ്പൊക്കത്തിനു ശേഷം ജില്ലയില്‍ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ അധികൃതര്‍ വെള്ളപ്പൊക്കത്തിനു ശേഷം വ്യാവസായികാവശ്യങ്ങള്‍ക്കായി മലമ്പുഴ ജലസംഭരണിയില്‍ നിന്നും ദിനം പ്രതി 20 എം.എല്‍.ഡി(10 ലക്ഷം ലിറ്റര്‍) വെള്ളം എടുക്കാനുള്ള കിന്‍ഫ്ര പൈപ്ലൈന്‍ പദ്ധതിയുടെ ജോലികളുമായി ദ്രുതഗതിയില്‍ നീങ്ങി. നെല്‍ കര്‍ഷകര്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 97 ദിവസം കാര്‍ഷികാവശ്യങ്ങള്‍ക്കായി വെള്ളം ലഭിച്ചിടത്ത് ഈ വര്‍ഷം 27 ദിവസങ്ങള്‍ മാത്രമേ കര്‍ഷകര്‍ക്ക് വെള്ളം വിട്ടു നല്‍കിയുള്ളു. കിന്‍ഫ്ര വ്യാവസായികാവശ്യങ്ങള്‍ക്കായി കൂടിയതോതില്‍ വെള്ളം നല്‍കാനാരംഭിച്ചാല്‍ കാര്‍ഷികമേഖലയെ അത് കൂടുതല്‍ പ്രതിസന്ധിയലാക്കും എന്നാണ് കര്‍ഷകരുടെ ആശങ്ക.

“ഇന്നലെ നടന്ന പിയുസി യോഗത്തില്‍ മുപ്പതു ദിവസം കാര്‍ഷികാവശ്യത്തിനായി വെള്ളം വിട്ടുനല്‍കാം എന്നാണ് അധികൃതര്‍ പറഞ്ഞത്. മുമ്പ് നൂറോളം ദിവസങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി വെള്ളം നല്‍കിയിരുന്നിടത്താണിതെന്നോര്‍ക്കണം. പിന്നീട് കര്‍ഷകര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ 81 ദിവസം വെള്ളം നല്‍കാമെന്നായി അധികൃതര്‍. എന്നാല്‍ എത്ര അളവ് വെള്ളമാണ് വിട്ടു നല്‍കുകയെന്ന് പറഞ്ഞിട്ടില്ല. കാര്‍ഷികാവശ്യങ്ങള്‍ക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കും വിട്ടു നല്‍കുന്ന വെള്ളത്തിന്റെ അളവ് ശാസ്ത്രീയമായി രേഖപ്പെടുത്താനുള്ള ഉപകരണങ്ങളും ഇവിടെയില്ല. വെള്ളപ്പൊക്കത്തിനു ശേഷം സാധാരണ അടിഞ്ഞുകൂടുന്നതിലും അതികം ചെളി ഈ വര്‍ഷം ഡാമില്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഡാമിന്റെ സംഭരണശേഷി കുറയാന്‍ ഇത് കാരണമാണ്. പ്രദേശത്ത് കുടിവെള്ള പ്രതിസന്ധിയും രൂക്ഷമാണ്”- ബോബന്‍ പറഞ്ഞു.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.