തിരുവനന്തപുരം: സംരംഭക ടി. വീണ സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി(A M C- annual maintenance contract ) പണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ ടി. വീണ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്(സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വാര്‍ഷിക പരിപാലന കരാറായി മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ വാങ്ങിയതായാണ് ഇന്‍കം ടാക്‌സ് രേഖകള്‍ പുറത്തുവിട്ട് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആര്‍.എല്‍ കമ്പനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നും
ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ രേഖകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂദല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ചു.
വീണക്ക് പുറമെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തത്തില്‍ പണം നല്‍കിയതിന്റെ രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീണയുടെ എക്സലോജിക് കമ്പനിയും സി.എം.ആര്‍.എല്‍ കമ്പനിയും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് വേണ്ടി 2017ല്‍ കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റിയതായി പറയുന്നത്.
വീണ വിജയനോ എക്സലോജിക് കമ്പനിയോ ഒരു തരത്തിലുമുള്ള സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ ഡയറക്ടറായ ശശിധരന്‍ കര്‍ത്ത ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ആരോപണം പ്രതിപക്ഷം രാഷ്ട്രീയ വിവാദമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
Content Highlight: Complaint Entrepreneur T. Veena received money as annual maintenance contract (AMC) from a private company