|

വേങ്ങരയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിയാണ് മുത്തലാഖ് ചൊല്ലിയത്. ഊരകം സ്വദേശിയായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയെന്നും മകളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് പറയുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കുഞ്ഞ് ജനിച്ചതിന് ശേഷം യുവതിയുമായോ കുഞ്ഞുമായോ യുവതിയുടെ കുടുംബവുമായോ വീരാന്‍കുട്ടി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിയുടെ 30 പവന്‍ സ്വര്‍ണം തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹത്തിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലായിരുന്നു. ഇതിന് ശേഷം ദമ്പതികള്‍ക്ക് ഇടയില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

ഫോണിലൂടെ രോഗിയായ ഒരു പെണ്ണിനെയാണ് തനിക്ക് കല്യാണം കഴിച്ച് നല്‍കിയതെന്ന് പറഞ്ഞ് വീരാന്‍കുട്ടി പിതാവിനെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

അടുത്തിടെ കാസര്‍ഗോഡ് കാഞ്ഞങ്ങാട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. നെല്ലിക്കട്ട സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഹോസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്.

കല്ലുറാബി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്. മുസ്‌ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

യുവതിയുടെ ഭര്‍തൃ മാതാവിനും സഹോദരിക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തു. ജനുവരി 21നാണ് യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് മുത്തലാഖ് ചൊല്ലി പ്രതി വാട്സ്ആപ്പ് സന്ദേശം അയച്ചത്.

വിവാഹ സമയത്ത് നല്‍കിയ 20 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി കോടതിയിലും ഹരജി നല്‍കിയിരുന്നു.

2017ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് മുത്തലാഖ് അസാധുവാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

ജനുവരിയില്‍ രാജ്യത്തുടനീളം എത്ര മുത്തലാഖ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്കുകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 2019ലെ നിയമത്തില്‍ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം അറിയിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറുമടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

Content Highlight: Complaint alleging triple talaq over the phone in Vengara, malappuram

Latest Stories

Video Stories