| Friday, 28th January 2022, 11:45 am

അധിക്ഷേപപരവും വംശീയവുമായ പെരുമാറ്റം, വാക്‌സിന്‍ വിവരങ്ങള്‍ ജപ്പാന് ചോര്‍ത്തി നല്‍കി; ലോകാരോഗ്യ സംഘടന ഏഷ്യ വിഭാഗം മേധാവിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ലോകാരോഗ്യ സംഘടനയുടെ ഏഷ്യ വിഭാഗം മേധാവിക്കെതിരെ പരാതി. ഡബ്ല്യു.എച്ച്.ഒ വെസ്റ്റേണ്‍ പസഫിക്ക് മേഖലാ ഡയറക്ടര്‍ താകേഷി കേസായ്‌ക്കെതിരെയാണ് വ്യാപകമായി പരാതി ഉയരുന്നത്.

അധിക്ഷേപപരവും വംശീയവുമായ പെരുമാറ്റം കേസായ്‌യുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്നാണ് പരാതിക്കാര്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയില്‍ മുമ്പ് ജോലി ചെയ്തിരുന്നവരും ഇപ്പോള്‍ ജോലി ചെയ്യുന്നവരുമായ ആളുകളാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയ്ക്കുള്ളില്‍ ആഭ്യന്തര പരാതിയായാണ് വിഷയം ഉന്നയിച്ചിരുന്നത്. ഒക്ടോബറിലായിരുന്നു പരാതി ഫയല്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞയാഴ്ച പരാതി വീണ്ടും ഇമെയിലായി അയക്കുകയായിരുന്നു.

പേര് വെളിപ്പെടുത്താതെയാണ് ലോകാരോഗ്യ സംഘടനാ സ്റ്റാഫ് ഡബ്ല്യു.എച്ച്.ഒ നേതൃത്വത്തിനും എക്‌സിക്യൂട്ടീവ് ബോര്‍ഡിനും മെയില്‍ അയച്ചിട്ടുള്ളത്. അസോസിയേറ്റഡ് പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

30ലധികം പേര്‍ ചേര്‍ന്നാണ് മെയില്‍ തയാറാക്കിയതെന്നും 50ലധികം പേരുടെ അനുഭവമാണ് അതില്‍ പറഞ്ഞിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ഡബ്ല്യു.എച്ച്.ഒ വെസ്റ്റേണ്‍ പസഫിക്ക് ആസ്ഥാനത്തെക്കുറിച്ചാണ് പരാതിയില്‍ പറയുന്നത്. ഡോ. താകേഷി കേസായ്‌യുടെ നേതൃത്വത്തിലാണ് മനിലയിലെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.

മനിലയിലെ ആസ്ഥാനത്ത് ടോക്‌സിക് ആയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പബ്ലിക്കായി കളിയാക്കുകയും അപമാനിക്കുകയും ബുള്ളിയിങ്ങ് നടത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ വിവരങ്ങള്‍ ഇയാള്‍ ജപ്പാന് ചോര്‍ത്തി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊവിഡിനെതിരായ പോരാട്ടത്തിനിടെ ലോകാരോഗ്യ സംഘടനാ മേധാവിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം വലിയ ചര്‍ച്ചയാകുന്നുണ്ട്.

ജാപ്പനീസ് സ്വദേശിയാണ് താകേഷി കേസായ്.


Content Highlight: Complaint against WHO Asia chief by staff  alleging of racism and abuse

Latest Stories

We use cookies to give you the best possible experience. Learn more